Site iconSite icon Janayugom Online

ഇ ജെ ബാബു വയനാട് ജില്ലാ സെക്രട്ടറി

ഇ ജെ ബാബുവിനെ സിപിഐ ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. ഇന്നലെ സമാപിച്ച ജില്ലാ സമ്മേളനത്തിലാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
1979ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ ഇ ജെ ബാബു പഞ്ചായത്തംഗമായും മാനന്തവാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കില ഫാക്കല്‍റ്റിയുമായിരുന്നു. രണ്ട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ ജില്ലയില്‍ നയിച്ചു. മുണ്ടക്കൈ ദുരന്തബാധിതര്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംഘടനകളെ ഏകോപിപ്പിച്ച് സഹായങ്ങള്‍ എത്തിക്കാന്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചു. വന്യമൃഗശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കിസാന്‍സഭ — സിപിഐ പ്രവര്‍ത്തര്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃപരമായ പങ്ക് വഹിച്ചു.

ഒരു കാന്‍ഡിഡേറ്റ് അംഗം ഉള്‍പ്പെടെ 34 അംഗ ജില്ലാ കൗണ്‍സിലിനെയും ഏഴ് സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പി സുനീര്‍ എംപി, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ മന്ത്രി കെ രാജന്‍, എന്‍ രാജന്‍, വി ചാമുണ്ണി, ടി വി ബാലന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജനവാസ മേഖലകളില്‍ ഇറങ്ങുന്ന മനുഷ്യജീവന് ഭീഷണിയാകുന്ന മൃഗങ്ങളെ വെടിവച്ച് കൊല്ലുക, കാടും നാടും വേര്‍തിരിക്കുക, കുരങ്ങിനെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

Exit mobile version