അകമേ തുടിക്കുവാൻ അരുതാത്ത പോലെന്റെ
ഹൃദയം കുതിക്കുന്നു ദീനശോകം
ഇതളൊന്നുപോലും അടരാത്ത പുഷ്പമായ്
ദീപ്തഗന്ധത്താൽ നിറയുന്നു നീ
മുന്നിലെശൂന്യമാം അന്ധകാരം നോക്കി
ചിന്നും മിഴികളാൽ താരകങ്ങൾ
ഏകാന്തപഥികനാം നിൻ മൊഴിച്ചന്തങ്ങൾ
ചേതസിലേക്ക് പകർന്നെടുക്കുന്നിതാ
കല്പനാലക്ഷങ്ങൾ പൂമാരി പെയ്യുന്ന
രാഗവസന്തോത്സവം കഴിഞ്ഞു
ശരദിന്ദുമലർ കൊഴിഞ്ഞുള്ളതാം മാനത്ത്
മാഞ്ഞൊഴിയുന്നൂ മധുരശ്രീരാഗം
മല്ലികപ്പൂവിൻ മധുരഗന്ധം ചോർന്ന
കല്ലായിക്കടവിലെ കാറ്റടങ്ങി
ആരീ വിഭാതസന്ധ്യയ്ക്കു നറുമിഴിനീരിനാൽ
ആരതിയുഴിയുന്നു മൂകമായി?
മൃതിയുടെ മുനമ്പിൽ അവസാന ഗദ്ഗദം
വിവശമായ് പാടുന്നു രാപ്പക്ഷികൾ
ഇന്നലെയീ നൃത്തശാല തൻ വേദിയിൽ
ഒരു മുല്ലപ്പൂമാല ചൂടിയെത്തി,
സ്വന്തം സ്വരമാലയാലേ ശതതന്ത്രി-
വീണയിൽ ബന്ധിതനാമൊരുവൻ,
മഞ്ഞല തന്നിൽ നീരാടി, രജനി തൻ
കനാകാംബരമാല നീട്ടിനിന്നു,
സുസാന്ദ്രഭാവത്തിലാനന്ദഭൈരവി
നിസീമലാവണ്യമായ്പ്പകർന്നു
നീലഗിരിയുടെ പ്രാണസഖികളും
നീലമലപ്പൂങ്കുയിലുകളും
പൂവും പ്രസാദവും നേദിച്ച പൂർണേന്ദു -
മുഖികളും ആരോമൽത്തൈമുല്ലയും
നീളുമുപാസനാധന്യമാം കാലവും
തൂകുമഴകിന്റെ ഹർഷബാഷ്പങ്ങളും
ശാരദനിലാവിന്റെ പൊൻതിരിപ്പുഞ്ചിരി,
ചാരു നിശാരാഗസുരഭികളും
ആ ഭാവഗാനപ്രവാഹത്തിലാമഗ്ന-
രാവാത്തൊരാളുമീ മണ്ണിലില്ല
മഞ്ഞിൽ മനോഹര ചന്ദ്രികയും
വിണ്ണിലുറങ്ങുന്നൊരന്ധദൈവങ്ങളും
മാനത്തു കണ്ണി മയങ്ങും കയങ്ങളും
മല്ലികാബാണന്റെ വിൽക്കരിമ്പും
വിട പറയും ദിനവധുവിന്റെ കവിളിലും
വിടരുന്ന കുങ്കുമരാഗങ്ങളും
എല്ലാ പ്രപഞ്ചപ്രണയവും വിസ്മയ -
രാഗതാളങ്ങളും നിശ്ചേതമായ്!
ഹേ… മധുചന്ദ്ര, നിൻ സ്വനതന്ത്രി മീട്ടിയ
ഹേമന്തമാധുരി തോർന്നതില്ല,
നീ നിലനില്‍ക്കും നിമിഷമോരോന്നിലും
നാദസുതാര്യ പ്രപഞ്ചമായി
ശബ്ദസമുദ്രം അഗാധഹൃദത്തിലൊതുക്കുന്ന
നിശബ്ദശാന്തതയായ്
• പി ജയചന്ദ്രനെ അനുസ്മരിക്കുന്നു