കുട്ടനാട് താലൂക്കിലെ വിവിധ ജലാശയങ്ങളിൽ അടിഞ്ഞുകൂടിയ എക്കലും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിൽ. നവംബർ 16ന് മേഖല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതിനെത്തുടർന്ന് ജില്ലാ കളക്ടർ എ അലക്സാണ്ടർ പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികൾക്ക് തുടക്കം കുറിച്ചത്.
കിടങ്ങറയിൽ എ സി കനാൽ തുടങ്ങുന്ന ഭാഗം, വെളിയനാട് പഞ്ചായത്തിലെ നാൽപ്പതാംകളം, പുഞ്ചപ്പിടാരംചിറ, തുരുത്തേൽ ചിറ, ആക്കൂത്തറ മേഖലകളിലുമാണ് എക്കൽ അടിഞ്ഞതിനെത്തുടർന്ന് വെള്ളത്തിൻറെ ഒഴുക്ക് തടസപ്പെട്ടത്. ചില മേഖലകളിൽ ഒഴുക്ക് പൂർണമായും നിലച്ചിരുന്നു. എ സി കനാൽ ഉൾപ്പെടെയുള്ള മേഖലകളിലെ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ അപ്പർകുട്ടനാട് മേഖലയിൽ നീരൊഴുക്ക് സുഗമമായി. ജലസേനച വകുപ്പ് യന്ത്രസഹായത്തോടെ നീക്കം ചെയ്ത എക്കൽ സമീപ മേഖലകളിൽ പാടശേഖര ബണ്ടുകൾ നിർമിക്കാനാണ് ഉപയോഗിക്കുക. കുട്ടനാട് തഹസിൽദാർ ടി ഐ വിജയസേനന്റെ മേൽനോട്ടത്തിലാണ് നടപടികൾ.