Site iconSite icon Janayugom Online

എല്‍ നിനോ പ്രഭാവം; മഴ ഗണ്യമായി കുറയും

പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട എല്‍ നിനോ പ്രതിഭാസം കാലവര്‍ഷത്തെ സ്വാധീനിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. എല്‍ നിനോ ശക്തിപ്പെടുന്നതിന്റെ സൂചനകള്‍ ലഭിച്ചതായി അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്‌മിനിസ്ട്രേഷന്‍ (എന്‍ഒഎഎ) മുന്നറിയിപ്പ് നല്‍കി. പസഫിക് സമുദ്രത്തിന്റെ മധ്യ കിഴക്കന്‍ സമുദ്രതാപനില അസാധാരണമായി വര്‍ധിക്കുന്നതാണ് എല്‍ നിനോ. സാധാരണഗതിയില്‍ പസഫിക് സമുദ്രത്തില്‍ താപനില വര്‍ധിക്കുന്നത് വേനല്‍ക്കാലത്താണെങ്കിലും അത് പാരമ്യത്തിലെത്തുന്നത് ശൈത്യകാലത്തിന്റെ ആവിര്‍ഭാവത്തോടെയാണ്. എന്നാല്‍ ഇക്കുറി ജൂണില്‍ തന്നെ എല്‍ നിനോ രൂപപ്പെട്ടിട്ടുണ്ടെന്നാണ് കാലാവസ്ഥ ഏജന്‍സിയുടെ പഠനങ്ങളില്‍ നിന്ന് വെളിപ്പെടുന്നത്.

ഏറ്റവും അവസാനമായി എല്‍ നിനോ ദൃശ്യമായ 2016ലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. ആഗോള സമുദ്രതാപനില ഈ വര്‍ഷം ഗണ്യമായി ഉയര്‍ന്നതിന് കാരണം എല്‍ നിനോ പ്രതിഭാസമാണെന്നും ഗവേഷകര്‍ പറയുന്നു. ജൂണ്‍ ആറിന് 20.9 ഡിഗ്രി സെല്‍ഷ്യസാണ് സമുദ്രതാപനില. കഴിഞ്ഞ വര്‍ഷം ഇത് 20.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഈ വര്‍ഷത്തെ എല്‍ നിനോയെ ‘സൂപ്പര്‍ എല്‍ നിനോ’ എന്നാണ് സ്വകാര്യ കാലാവസ്ഥ ഏജന്‍സിയായ സ്കൈമെറ്റിന്റെ പ്രസിഡന്റ് ജി വി ശര്‍മ്മ വിശേഷിപ്പിക്കുന്നത്.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം സജീവമായതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നുണ്ടെങ്കിലും എല്‍ നിനോയുടെ ആവിര്‍ഭാവത്തോടെ മഴയുടെ അളവ് ഗണ്യമായി കുറയുമെന്നാണ് മുന്നറിയിപ്പ്. ഇതിന് പുറമെ അറബിക്കടലില്‍ തുടരെയുണ്ടാകുന്ന ചുഴലിക്കാറ്റുകളും കാലവര്‍ഷത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കേരള തീരത്ത് സമുദ്രത്തിലെ ഊഷ്മാവ് വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ചുഴലിക്കാറ്റുകള്‍ അടിക്കടി പിറവിയെടുക്കാന്‍ കാരണവും ഇതാണ്.

രണ്ടായിരാമാണ്ടിന് ശേഷമുള്ള ഏഴ് എല്‍ നിനോ വര്‍ഷങ്ങളില്‍ ആറ് തവണയും ശരാശരിയിലും കുറവ് മഴയാണ് ലഭിച്ചത്. ആറില്‍ അഞ്ച് തവണയും രാജ്യം കടുത്ത വരള്‍ച്ചയെ അഭിമുഖീകരിച്ചു. ഈ വര്‍ഷം മഴയുടെ അളവില്‍ ദീര്‍ഘകാല ശരാശരിയില്‍ ചെറിയ കുറവ് മാത്രമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുള്ളത്. രാജ്യത്ത് ശരാശരി കുറവ് മഴയും കേരളത്തില്‍ ശരാശരിയില്‍ കൂടുതല്‍ മഴയും എന്നാണ് പ്രവചനം. ദീര്‍ഘനാള്‍ മഴ പെയ്യാതിരിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിതീവ്രമായി പെയ്യുകയും ചെയ്യുന്നത് കേരളത്തില്‍ സര്‍വസാധാരണമായിക്കഴിഞ്ഞു. ഇത് ദുരന്തങ്ങള്‍ക്ക് വഴിതെളിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Eng­lish Sum­ma­ry: El Nino ; Rain will decrease
You may also like this video

Exit mobile version