Site iconSite icon Janayugom Online

റെയിൽവേ യാത്ര ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം വേണം; ദക്ഷിണ റയിൽവേ മാനേജർക്ക് എളമരം കരീം എംപി കത്ത് നൽകി

വടക്കൻ കേരളത്തിലെ ജനങ്ങളുടെ റെയിൽവേ യാത്രാപ്രശ്നങ്ങൾക്ക് നടപടികൾ കെെക്കൊളളണമെന്നാവശ്യപ്പെട്ട് എളമരം കരീം എംപി ദക്ഷിണ റയിൽവേ മാനേജർക്ക് കത്ത് നൽകി. നിലവിൽ കേരളത്തിലെ യാത്രക്കാരിലൂടെയാണ് റെയിൽവേക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നതെന്നും അതിനാൽ കേരളത്തിലെ യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട റെയിൽവേ സൗകര്യങ്ങൾ ഉറപ്പാക്കാൻ അധികൃതർ തയാറാകണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര റെയിൽവേ മന്ത്രാലയം കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലോക നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ സ്റ്റേഷനുമായി ബന്ധപ്പെട്ട വികസനപ്രവർത്തനങ്ങൾ ഒച്ചിഴയും വേഗത്തിലാണ് പുരോഗമിക്കുന്നത്. ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണമെന്നും കത്തിൽ വ്യക്തമാക്കുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനെ ഇന്റ‍ഗ്രേറ്റഡ് ടെർമിനലായി മാറ്റണം. സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്ത് രണ്ട് പ്ലാറ്റ്ഫോമുകൾ കൂടി നിർമ്മിക്കണം. എലത്തൂർ സ്റ്റേഷനെ കോഴിക്കോട് നോർത്തായും ഫറോക്ക് സ്റ്റേഷനെ കോഴിക്കോട് സൗത്തായും വികസിപ്പിക്കണം. കോഴിക്കോട്ടുനിന്ന് ട്രെയിനുകൾ ആരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനുമായി വെസ്റ്റ്ഹില്ലിൽ 24 കോച്ച്പിറ്റ് ലെെൻ സ്ഥാപിക്കണം.

മാവേലി മലബാർ മംഗളൂരു എക്സ്പ്രസുകൾക്ക് പുതിയ കോച്ചുകൾ അനുവദിക്കണ. കോഴിക്കോട്- മംഗളൂരു, കോയമ്പത്തൂർ- കണ്ണൂർ, കണ്ണൂർ- എറണാകുളം സർവീസുകൾ തുടങ്ങണം. കൂടുതൽ മെമു സർവ്വീസ് ആരംഭിച്ച് മറ്റു ട്രെയിനുകളിലെ തിരക്ക് കുറക്കാൻ നടപടി സ്വീകരിക്കണം. കണ്ണൂരിൽ നിന്ന് ബെഗളൂരു, ചെന്നെെ, ഹെെദരാബാദ് എന്നിവിടങ്ങളിലേക്ക് ഇന്റർസിറ്റി സർവീസ് ആരംഭിക്കണം. കൂടാതെ, കല്ലായി റെയിൽവേ സ്റ്റേഷൻ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജനങ്ങളുന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കണമെന്നും കത്തിൽ പറയുന്നു.

Eng­lish Sum­ma­ry: ela­ma­ram kareem MP sent let­ter to South­ern Rail­way Manager
You may also like this video

Exit mobile version