Site iconSite icon Janayugom Online

ഇലന്തൂർ നരബലി : ഊണും ഉറക്കവും നഷ്ടപ്പെട്ട് കടകമ്പള്ളിൽ വീടിന്റെ സമീപവാസികൾ

ElanthurElanthur

രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തിയ നരബലിയുടെ വിവരങ്ങൾ പുറത്തുവന്നതിന് ശേഷം സ്വസ്ഥത നഷ്ടപ്പെട്ടവരായി പുളിന്തിട്ടയിലെ കടകമ്പള്ളിൽ വീടിന് സമീപത്തുള്ളവർ. ഊണും ഉറക്കവും നഷ്ടപ്പെട്ട കുടുംബങ്ങളാണ് ഇതിലേറെയും. പ്രേതാലയം പോലെ തോന്നിക്കുന്ന വീടിന്റെ പരിസരത്ത് പൊലിസിന്റെ സാന്നിധ്യം മാത്രം ആണുള്ളത്. പുറത്തുനിന്നും വരുന്നവരെയെല്ലാം വീടിന്റെ പുറത്തുവെച്ചു തന്നെ പൊലിസ് തടയും. തെളിവെടുപ്പ് വരെ ഇത് തുടരും. കോടതി 12 ദിവസത്തേക്കാണ് പ്രതികളെ പൊലിസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അതിനാൽ ഏത് നിമിഷവും പ്രതികളെ സംഭവ സ്ഥലത്ത് തെളിവെടുപ്പിന് എത്തിക്കും. തെളിവെടുപ്പിൽ എന്തെല്ലാമായിരിക്കാം കണ്ടെടുക്കുക എന്ന സന്ദേഹത്തിലാണ് ഓരോരുത്തരും. സംഭവദിവസം പ്രതികളെക്കുറിച്ച് വാചാലമായി സംസാരിച്ചിരുന്നവർ ഇപ്പോൾ പല കാര്യങ്ങളിലും മൗനം പാലിക്കുകയാണ്. വീടുകളുടെ കതകുകളും ജനാലകളും തുറക്കാൻപോലും പലരും ഭയപ്പെടുന്നു. പുറത്തുനിന്നും സംഭവസ്ഥലത്തേക്ക് നാട്ടിൽ നടന്ന അവിശ്വസനീയമായ കാര്യങ്ങൾ പലർക്കും ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഓരോ ദിവസവും പ്രതികളെ കുറിച്ചുള്ള പുതിയ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വരെയും നാട്ടിൽ സർവ്വ സമ്മതരായി നടന്നിരുന്നവർ ഒറ്റ ദിവസംകൊണ്ട് അരുംകൊലയിലെ പ്രതികളായെന്ന് തെളിയുമ്പോൾ ഉണ്ടാകുന്ന ഭയപ്പാടുകൾ പലരിലും പ്രകടമാണ്. 

Eng­lish Sum­ma­ry: Elan­tur Nara­bali: Res­i­dents of the Katakam­pal­li house lost their food and sleep

You may like this video also

Exit mobile version