എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. അക്രമം നടന്ന എലത്തൂർ, കണ്ണൂരിൽ സൂക്ഷിച്ചിരിക്കുന്ന ഡി 1 കോച്ച്, ഷൊർണൂരിലെ പെട്രോൾ പമ്പ് എന്നിവിടങ്ങളിലാണ് പ്രതിയെ എത്തിക്കുക. ചോദ്യം ചെയ്യൽ തുടരുകയാണെന്നും ആവശ്യം വന്നാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന എഡിജിപി എം ആർ അജിത്ത് കുമാർ പറഞ്ഞു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ഇന്ത്യൻ ഓയിൽ പമ്പിൽ നിന്നാണ് പ്രതി പെട്രോൾ വാങ്ങിയതെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകിട്ട് പ്രതി പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്റ്റേഷനടുത്തു തന്നെയുള്ള പമ്പിൽ കയറാതെയാണ് പ്രതി ഒന്നര കിലോമീറ്റർ ദൂരെയുള്ള പമ്പിൽ ഓട്ടോയിലെത്തി പെട്രോൾ വാങ്ങിയത്. ഡൽഹിയിൽ നിന്ന് ഞായറാഴ്ച ഷൊർണൂരിലാണ് പ്രതി ആദ്യമെത്തിയത്.
ഷൊർണൂർ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി ടിക്കറ്റെടുക്കാതെ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ കയറിയെന്ന് ഷാരൂഖ് നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേ സ്റ്റേഷൻ അടക്കമുള്ള സ്ഥലങ്ങളിലെ സിസിടിവി ഉൾപ്പെടെയുള്ളവ അന്വേഷണ സംഘം പരിശോധിച്ചത്. സംഭവത്തിൽ കൃത്യമായ ആസൂത്രണം നടന്നതായി അന്വേഷണസംഘം കരുതുന്നുണ്ടെങ്കിലും മറ്റാർക്കും ഇക്കാര്യത്തിൽ പങ്കില്ലെന്ന് ആവർത്തിക്കുകയാണ് ഷാരൂഖ് സെയ്ഫി. തോന്നലിന്റെ പുറത്താണ് തീവച്ചതെന്നും കേരളത്തിലെത്തിയത് യാദൃച്ഛികമായാണെന്നും പ്രതി ഇന്നലെയും മൊഴി നൽകി. ഡി 1, ഡി2 ബോഗികളെ ബന്ധിപ്പിക്കുന്ന വഴിയിലാണ് ബാഗ് വച്ചിരുന്നത്. തീവച്ചശേഷം തിരിച്ചെടുക്കാനായിരുന്നു പദ്ധതി. യാത്രക്കാർ പരിഭ്രാന്തരായി ഓടുന്നതിനിടെ ബാഗ് താഴെ വീണെന്നും ഷാരൂഖ് പറഞ്ഞു.
അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ ഇതുവരെ സംഭവത്തിന് തീവ്രവാദ സ്വഭാവം കണ്ടെത്താനായിട്ടില്ല. സംഭവത്തിന് പിന്നിൽ വ്യക്തികളോ സംഘടനകളോ ഉണ്ടാകാമെന്ന കേന്ദ്ര ഏജൻസികളുടെ സൂചനകൾ മുൻനിർത്തിയാണ് ചോദ്യം ചെയ്യൽ തുടരുന്നത്. ട്രെയിനിലെ ഒരു ബോഗി പൂർണമായും കത്തിച്ചുകൊണ്ട് തീവ്രവാദ സ്വഭാവമുള്ള ആക്രമണത്തിനാണ് പ്രതി ലക്ഷ്യമിട്ടതെന്നാണ് കേന്ദ്ര ഏജൻസികളുടെ സംശയം. മൂന്നു കുപ്പി പെട്രോൾ ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും ഷാരൂഖിന്റെ കൈവശമുണ്ടായിരുന്നു. എന്നാൽ ആസൂത്രണം പാളിപ്പോകുകയായിരുന്നുവെന്നാണ് സംശയം. ഇതിന്റെ ഭാഗമായാണ് ബാഗും മൊബൈലും നഷ്ടമാവാൻ കാരണമായതെന്നുമാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.
English Summary; elathurTrain : Evidence will be taken with the suspect today
You may also like this video