രാജ്യത്ത് മൂന്നില്‍ രണ്ട് വയോധികരും കുട്ടികളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ പീഡനത്തിനും അപമാനത്തിനും മോശം പെരുമാറ്റത്തിനും വിധേയരാകുന്നതായി കണ്ടെത്തല്‍. ലോക വയോജന പീഡന വിരുദ്ധ ബോധവൽക്കരണ ദിനത്തിന് മുന്നോടിയായി ഏജ്‌വെല്‍ ഫൗണ്ടേഷൻസ് പുറത്തുവിട്ട സര്‍വേയിലാണ് കണ്ടെത്തല്‍. പ്രായാധിക്യത്തെതുടര്‍ന്ന് മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നവര്‍ക്കാണ് കൂടുതലായും പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. 77 ശതമാനം വയോധികരും അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുള്ളവരല്ലെന്നും പീഡനത്തിന് വിധേയമാകുമ്പോള്‍ പ്രതികരിക്കാറില്ലെന്നും സര്‍വേ വിലയിരുത്തുന്നു. 5000 പേരിലാണ് ജൂണ്‍ ആദ്യ വാരം സര്‍വേ നടത്തിയതെന്ന് സംഘടന വ്യക്തമാക്കി.
കുടുംബാംഗങ്ങളെ നഷ്ടമാകുമെന്നോ അവരുടെ സഹകരണം നഷ്ടമാകുമെന്നോ ഭയന്നാണ് ഭൂരിഭാഗം പേരും ഇത്തരം പീഡനങ്ങളില്‍ പ്രതികരിക്കാത്തതെന്നും കണ്ടെത്തിയിട്ടുണ്ട്. നിരന്തരമുള്ള ഇത്തരം പീഡനങ്ങള്‍ പിന്നീട് അവര്‍ക്ക് ശീലമാകുന്നതായും സര്‍വേ പറയുന്നു. സാമ്പത്തികവും മാനസികവുമായി മറ്റുള്ളവരെ താരതമ്യേന കൂടുതൽ ആശ്രയിക്കുന്ന പ്രായമായ സ്ത്രീകൾക്കാണ് പീഡനങ്ങളും അവഗണനയും കൂടുതല്‍ ഏറ്റുവാങ്ങേണ്ടിവരുന്നതെന്ന് ഏജ്‌വെൽ ഫൗണ്ടേഷൻ സ്ഥാപക ചെയർമാൻ ഹിമാൻഷു റാത്ത് പറഞ്ഞു.
ആഗോളതലത്തില്‍ 100 കോടിയോളമാണ് നിലവില്‍ വയോജനങ്ങളുടെ ജനസംഖ്യ. 2030‑ൽ ഇത് 140 കോടിയിലേക്കും അടുത്ത മൂന്ന് ദശകങ്ങളിൽ 210 കോടിയിലേക്കും വർധിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇവരില്‍ മൂന്നില്‍ രണ്ട് ഭാഗവും ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കുമെന്ന് നാഷണൽ കൗൺസിൽ ഓൺ ഏജിങ് വിലയിരുത്തുന്നു.
വയോജനങ്ങളില്‍ 92 ശതമാനം പേരും കുറഞ്ഞത് ഒരു വിട്ടുമാറാത്ത രോഗത്തെയെങ്കിലും നേരിടുന്നവരാണ്. 77 ശതമാനം പേർക്ക് ഹൃദയ രോഗങ്ങളടക്കം രണ്ട് ഗുരുതരമായ രോഗാവസ്ഥകളെങ്കിലും നേരിടുന്നവരാണ്. വിഷാദരോഗം, മറവി, ഉത്കണ്ഠ തുടങ്ങിയ മാനസികവൈഷമ്യങ്ങളും വയോജനങ്ങള്‍ നേരിടുന്നുവെന്നും വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
English Summary: elderly face neglect and abuse in India
You may also like this video