Site iconSite icon Janayugom Online

എല്‍ദോസ് കുന്നപ്പിള്ളി ദിവസേന പൊലീസിനു മുന്നില്‍ ഹാജരാകണം

ദിവസവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎയോട് ഹൈക്കോടതി. എൽദോസിനെതിരായ ബലാത്സംഗക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ താക്കീത്. എൽദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
തുടർന്നാണ് ദിവസവും രാവിലെ ഒമ്പതിന് ഹാജരാകണമെന്ന് കോടതി നിർദ്ദേശം. അതേസമയം, എൽദോസിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജി കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അതിനിടെ, എൽദോസിനും വക്കീലിനുമെതിരായ പരാതിക്കാരിയുടെ മൊഴി പുറത്തുവന്നു. വക്കീൽ ഓഫീസിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്നും മർദ്ദിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു. മുദ്രപത്രത്തിൽ ഒപ്പിടാൻ ആവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.
ഒക്ടോബർ 20നാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി എൽദോസിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ചെയ്തതിനാണ് എംഎൽഎയ്ക്കെതിരെ പൊലീസ് ആദ്യം കേസെടുത്തത്. പിന്നീട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗിക അതിക്രമം, വധശ്രമം എന്നീ വകുപ്പുകൾ കൂടി ചുമത്തുകയായിരുന്നു.
കേസിൽ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളി മുൻകൂർ ജാമ്യം ലഭിച്ചതിന് ശേഷമാണ് പൊതുസമൂഹത്തിന് മുന്നിലെത്തിയത്. കേസിന് പിന്നാലെ എംഎൽഎയെ കെപിസിസി ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ആറ് മാസത്തേക്ക് കെപിസിസി, ഡിസിസി പരിപാടികളിൽ പങ്കെടുക്കരുതെന്നും നിർദ്ദേശമുണ്ട്. 

Eng­lish Sum­ma­ry: Eldos Kun­napil­li should appear before the police daily

You may like this video also

Exit mobile version