തമിഴ് സൂപ്പർസ്റ്റാർ വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴഗ വെട്രി കഴകം (ടിവികെ) തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി അംഗീകരിച്ചു. വിജയ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തിനായി ഫെബ്രുവരി രണ്ടിന് അപേക്ഷ സമര്‍പ്പിച്ചതായും അടുത്ത തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള അംഗീകാരവും ഇതോടൊപ്പം ലഭിച്ചതായും വിജയ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
തമിഴ്‌നാട്, കേരളം, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ വൻ ആരാധകരുള്ള വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. സുതാര്യവും ജാതിരഹിതവും അഴിമതി രഹിതവുമായ ഭരണത്തിലൂടെ അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റത്തിന് പാർട്ടി ശ്രമിക്കുമെന്ന് വിജയ് പറഞ്ഞു.
രണ്ടാഴ്ച മുമ്പാണ് വിജയ് ടിവികെയുടെ പാർട്ടി പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്തത്. കൊടിയുടെ മുകളിലും താഴെയും ചുവപ്പും മെറൂണും, മധ്യത്തിൽ മഞ്ഞയും, രണ്ട് ആനകളും വിജയത്തിന്റെ പ്രതീകമായ ഒരു വാഗൈ പുഷ്പവും ഉണ്ട്. പാർട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ടിവികെ അതിന്റെ പതാക ഗാനവും പുറത്തിറക്കി.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തെ തുടർന്ന് വിവിധ തലങ്ങളിൽ യോഗങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് ടിവികെ. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ടിവികെ.