എഎപിയുടെ ലോക്‌സഭാ പ്രചരണ ഗാനം വിലക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍.‘ജയില്‍ കെ ജവാബ് മേ ഹും വോട്ട് ദേംഗെ’ എന്ന ഗാനത്തില്‍ മാറ്റം വരുത്താനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിരോധനം.തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ മാര്‍ഗ നിര്‍ദേശങ്ങളും ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണഗാനം കേന്ദ്ര അന്വേഷണ ഏജന്‍സികളെയും പാര്‍ട്ടിയെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ബിജെപി നേരത്തെ പരാതി നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിക്കെതിരെ എഎപി രംഗത്തെത്തി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആയുധമായി തെരഞ്ഞെടുപ്പ് കമ്മിഷൻ മാറുകയാണെന്ന് എഎപി നേതാവ് അതിഷി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഒരു പാര്‍ട്ടിയുടെ പ്രചരണഗാനം നിരോധിക്കുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാകുമെന്ന് അതിഷി പറഞ്ഞു. ഗാനത്തില്‍ ബിജെപിയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. മാതൃകാ പെരുമാറ്റച്ചട്ടവും ലംഘിച്ചിട്ടില്ല. വസ്തുതാപരമായ ദൃശ്യങ്ങളും സംഭവങ്ങളുമാണ് ഇതില്‍ ചേര്‍ത്തിട്ടുള്ളത്. ബിജെപി നടത്തുന്ന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനങ്ങളില്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്നും പ്രതിപക്ഷ കക്ഷികളുടെ പ്രചരണ പരിപാടികള്‍ തടസപ്പെടുത്താനാണ് കമ്മിഷന്‍ ശ്രമിക്കുന്നതെന്നും അതിഷി പറഞ്ഞു.
എഎപി എംഎല്‍എ ദിലീപ് പാണ്ഡെയാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിന്റെ രചനയും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത്. വ്യാഴാഴ്ച പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഗാനം പുറത്തിറക്കിയത്. 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമങ്ങളുടെ ലംഘനമാണ് ഗാനത്തിന്റെ ഉള്ളടക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗാനത്തില്‍ മാറ്റംവരുത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മാര്‍ച്ചില്‍ ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ജയിലഴിക്കു പിന്നില്‍ നില്‍ക്കുന്ന കെജ്‌രിവാളിന്റെ ചിത്രവുമായി ജനക്കൂട്ടത്തെ ഗാനരംഗത്തില്‍ കാണാം.
കെജ്‌രിവാളിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇഡി നടപടി നിയമവിരുദ്ധമാണെന്നാണ് കെജ്‌രിവാള്‍ ആരോപിക്കുന്നത്. തെളിവുകളൊന്നുമില്ലാതെ, സമൻസിന് ഹാജരായില്ല എന്നതിന്റെ പേരില്‍ മാത്രം അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നെന്നും ഹർജിയില്‍ പറയുന്നു. അതേസമയം മദ്യനയക്കേസിന്റെ സൂത്രധാരൻ കെജ്‌രിവാള്‍ ആണെന്ന് ആരോപിച്ച് ഇഡി കോടതിയില്‍ എതിർ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. തന്റെ അറസ്റ്റ് പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ കേന്ദ്രം ഇഡിയെ ഉപയോഗിക്കുന്നതിന്റെ ഉദാഹരണമാണെന്ന് കെജ്‌രിവാളും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
English Summary: Election Commission bans AAP’s campaign song
You may also like this video