Site icon Janayugom Online

പാർട്ടി ചിഹ്നത്തെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഉചിതമായ തീരുമാനമെന്ന് ഷിൻഡെ

മഹാരാഷ്ട്രയിൽ ശിവസേനയില്‍ താക്കറെ-ഷിൻഡെ വിഭാ​ഗങ്ങളുടെ പാർട്ടി ചിഹ്നത്തെച്ചൊല്ലിയുള്ള തർക്കത്തിൽ താക്കറെ വിഭാ​ഗത്തിന് തിരിച്ചടി.പാര്‍ട്ടിയുടെചിഹ്നമായ അമ്പും വില്ലും, പേരും ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരിക്കുകയാണ്. താക്കറെ പക്ഷത്തിനും ഷിൻഡെ പക്ഷത്തിനും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ചിഹ്നവും ശിവസേനയെന്ന പേരും ഉപയോഗിക്കാൻ കഴിയില്ല.

അന്ധേരി ഈസ്റ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇരുവിഭാ​ഗങ്ങളും തമ്മിൽ പാർട്ടിയുടെ ചിഹ്നത്തിൽ അവകാശവാദമുന്നയിച്ച് രം​ഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.ഒക്ടോബർ 10ന് ഉച്ചക്ക് ഒരുമണിക്ക് മുൻപായി ഇരുവിഭാഗങ്ങളും മൂന്ന് പുതിയ പേരുകളും മൂന്ന് ചിഹ്നങ്ങളും നിർദേശിക്കണമെന്നും പരിശോധിച്ച ശേഷം ഉചിതമായ പേരും ചിഹ്നവും ഇരുവർക്കും അനുവദിക്കുമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി അനീതിയാണെന്ന് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഉചിതമാണെന്നാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ അഭിപ്രായം.

ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും തങ്ങൾക്ക് അനുവദിക്കണമെന്ന് നേരത്തെ ഷിൻഡെ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഉദ്ധവിനോട് കമ്മീഷൻ മറുപടി ആവശ്യപ്പെട്ടു. ഷിൻഡെ പക്ഷം സ്വമേധയാ പാർട്ടി വിട്ടതാണെന്നും അവർക്ക് പാർട്ടി ചിഹ്നത്തിൽ അവകാശവാദം ഉന്നയിക്കാനാകില്ലെന്നും ഉദ്ധവ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.അതേസമയം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് താക്കറെ വിഭാ​ഗത്തിന് പിന്തുണയറിയിച്ചിരുന്നു. അന്ധേരി ഈസ്റ്റ് അസംബ്ലി മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനാണ് കോൺ​ഗ്രസിന്റെ പിന്തുണ.

നവംബർ മൂന്നിനാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പാർട്ടി പിളർപ്പിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.മുൻപ് അന്ധേരിയുടെ എംഎൽഎയായിരുന്ന രമേഷ് ലട്കെയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. മരിച്ച എംഎൽഎയുടെ ഭാര്യ റുതുജ ലട്‌കെയായിരിക്കും ശിവസേനയുടെ സ്ഥാനാർത്ഥി.രണ്ട് തവണ എംഎൽഎയായ രമേഷ് ലട്കെ 2014ൽ കോൺഗ്രസിന്റെ സുരേഷ് ഷെട്ടിയെ പരാജയപ്പെടുത്തിയായിരുന്നു നിയമസഭയിലെത്തിയത്. ഈ വർഷം മെയ് 11ന് ദുബായിലേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം മരണപ്പെട്ടത്.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു ശിവസേന, എൻസിപി, കോൺഗ്രസ് എന്നീ പാർട്ടികൾ ചേർന്ന് മഹാ വികാസ് അഘാഡി (എംവിഎ) രൂപീകരിച്ചത്. ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താനായിരുന്നു സഖ്യസർക്കാർ രൂപീകരിച്ചത്.2019ലെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ തകർത്ത് അധികാരത്തിലെത്തിയതായിരുന്നു മഹാവികാസ് അഘാഡി സർക്കാർ. 

Eng­lish Summary:
Elec­tion com­mis­sion bans par­ty sym­bol; Shinde said it was the right decision

You may also like this video:

Exit mobile version