പശ്ചിമ ബംഗാളില്‍ നടക്കുന്ന പ്രത്യേക തീവ്ര പരിഷ്കരണ (എസ്‌ഐആർ) വേളയിൽ വോട്ടർ പട്ടികയിൽ വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് നാല് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു. ഉദ്യോഗസ്ഥർക്കെതിരെ നാളേയ്ക്കകം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന് കമ്മിഷൻ കത്തയയച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ (സിഇഒ) ഓഫിസ് വൃത്തങ്ങൾ അറിയിച്ചു.
ആവർത്തിച്ച് ഓർമ്മപ്പെടുത്തിയിട്ടും, നാല് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിച്ചതായി സിഇഒ ഓഫിസ് പറഞ്ഞു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബറുയിപൂർ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലാണ് ഇതിലെ രണ്ടുപേർ. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ (ഇആർഒ) ദേബോട്ടം ദത്ത ചൗധരിയും അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ (എഇആർഒ) തഥാഗത മണ്ഡലുമാണ് ആരോപിതര്‍. മറ്റ് രണ്ട് ഉദ്യോഗസ്ഥർ കിഴക്കൻ മിഡ്‌നാപൂർ ജില്ലയിലെ മൊയ്‌ന നിയമസഭാ മണ്ഡലത്തിലെ ബിപ്ലബ് സർക്കാർ (ഇആർഒ), സുദീപ്ത ദാസ് (എഇആർഒ) എന്നിവരാണ്.
വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാനും എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തെങ്കിലും എഫ്‌ഐആർ ഫയൽ ചെയ്തില്ല. തുടർന്ന്, എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ സൗത്ത് 24 പർഗാനാസിലെയും ഈസ്റ്റ് മിഡ്‌നാപൂരിലെയും ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് കമ്മിഷൻ കഴിഞ്ഞ മാസം വീണ്ടും നിർദേശം നൽകി.
അതേസമയം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരായ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിനെ മുഖ്യമന്ത്രി മമതാ ബാനർജി വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നുവെന്ന് അവർ ആരോപിച്ചു.

