തെരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രത്തിന്റെ അടിമയെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. ചിഹ്നവും പേരും നിഷേധിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ശിവസേനാ വിഭാഗങ്ങളുടെ തർക്കത്തിൽ ഉദ്ധവിന് തിരിച്ചടിയായി പാർട്ടി പേരും ചിഹ്നവും ഷിൻഡെ പക്ഷത്തിന് നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു. സുപ്രീം കോടതിയില്‍ വിശ്വാസമുണ്ടെന്നും, കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീര്‍പ്പ് കല്‍പ്പിക്കരുതെന്നാണ് നിലപാടെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കമ്മിഷന്റെ നീക്കമെന്നും തെരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാകുന്നതെന്നും ഉദ്ധവ് കുറ്റപ്പെടുത്തി.
ഡല്‍ഹിക്കൊപ്പം മുംബൈയും കൈയിലൊതുക്കാനാണ് ബിജെപി നീക്കമെന്നും ഇതിനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് കുറ്റപ്പെടുത്തൽ. ഉടന്‍ തെരഞ്ഞെടുപ്പിന് തയ്യാറാകാനും ഉദ്ധവ് പാര്‍ട്ടി അനുയായികളോട് ആഹ്വാനം ചെയ്തു. 1966ല്‍ ബാല്‍ താക്കറെ ശിവസേന രൂപീകരിച്ചതിന് ശേഷം ഇത് ആദ്യമായാണ് കുടുംബത്തിന് പാര്‍ട്ടിയുടെ അധികാരം നഷ്ടമാകുന്നത്. കൂടുതല്‍ എംഎല്‍എമാരുടെയും എംപിമാരുടെയും പിന്തുണ ഏകനാഥ് ഷിന്‍ഡെ പക്ഷത്തിനെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലയിരുത്തല്‍.
ആകെയുള്ള 55 ശിവസേനാ എംഎല്‍എമാരില്‍ 40 പേരുടെയും പിന്തുണ ഷിന്‍ഡെയ്ക്കാണ്. 18ല്‍ 13എംപിമാരും ഷിന്‍ഡെ പക്ഷത്തിനൊപ്പമാണ്. എംഎല്‍എമാര്‍ക്ക് കിട്ടിയ വോട്ട് വിഹിതത്തിന്റെ കണക്കിലും ഉദ്ധവ് താക്കറെ പിന്നിലെന്ന് വിലയിരുത്തിക്കൊണ്ടാണ് കമ്മിഷന്റെ തീരുമാനം. അതേസമയം ശിവസേനയുടെ പേരും ചിഹ്നവും നഷ്ടമായത് കാര്യമാക്കേണ്ടതില്ലെന്നായിരുന്നു ഉദ്ധവ് താക്കറെയ്ക്ക് എന്‍സിപി മേധാവിയും സഖ്യകക്ഷിയുമായ ശരദ് പവാറിന്റെ ഉപദേശം. പുതിയ ചിഹ്നം ആളുകള്‍ സ്വീകരിക്കുമെന്നും കോണ്‍ഗ്രസിനും ഇതേ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
English Summary: “Election Commission PM Modi’s Slave”: Uddhav Thackeray
You may also like this video