Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശുപാര്‍ശ; ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കുന്നത് നിരോധിക്കണം

തെരഞ്ഞെടുപ്പില്‍ ഒരാള്‍ ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതിനായി നിയമഭേദഗതി കൊണ്ടുവരണം. തെരഞ്ഞെടുക്കപ്പെട്ട സീറ്റില്‍ നിന്ന് ഒഴിഞ്ഞ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് അവസരമുണ്ടാക്കുന്നവര്‍ക്ക് ഭീമമായ പിഴ ഏര്‍പ്പെടുത്തണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

കേന്ദ്ര നിയമ മന്ത്രാലയവുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് രണ്ട് ദശകങ്ങള്‍ക്ക് മുമ്പ് നിര്‍ദേശിച്ച പരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടത്. 2004ല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതേ നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു.

1996ല്‍ ഒരാൾക്ക് രണ്ടിൽ കൂടുതൽ സീറ്റുകളിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്തിരുന്നു. ഭേദഗതിക്ക് മുമ്പ്, ഒരു സ്ഥാനാർത്ഥിക്ക് മത്സരിക്കാവുന്ന മണ്ഡലങ്ങളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടായിരുന്നില്ല. ഒരു സീറ്റില്‍ മാത്രം മത്സരിക്കാമെന്ന വ്യവസ്ഥയില്‍, നിയമത്തില്‍ വീണ്ടും ഭേദഗതി കൊണ്ടുവരണമെന്നാണ് 2004ല്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നത്.

ഒരാള്‍ രണ്ട് സീറ്റുകളില്‍ മത്സരിച്ച് വിജയിച്ചാല്‍ അയാള്‍ക്ക് ഒരു മണ്ഡലത്തിലെ സ്ഥാനം മാത്രമാണ് ഏറ്റെടുക്കാനാകുക. ഒരു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതായി വരും. ഉപതെരഞ്ഞെടുപ്പിനുള്ള പണം സ്ഥാനാര്‍ത്ഥിയില്‍ നിന്ന് ഈടാക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് അഞ്ച് ലക്ഷവും ലോക്‌സഭാ തെരഞ്ഞെടുപ്പിന് 10 ലക്ഷവും പിഴ ചുമത്തണമെന്നാണ് കമ്മിഷന്‍ അന്ന് ആവശ്യപ്പെട്ടിരുന്നത്. ഈ തുക പുതുക്കി നിശ്ചയിക്കണമെന്നും കമ്മിഷന്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

eng­lish summary;Election Com­mis­sion rec­om­men­da­tion; Com­pet­ing in more than one seat should be prohibited

You may also like this video;

Exit mobile version