തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനത്തുനിന്നുള്ള അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ (സിഇസി) രാജീവ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ പശ്ചിമബംഗാള്‍ സന്ദര്‍ശിക്കുന്നതിനിടെയുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തത്. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാനും രാജി തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനും ഏറെ ശ്രമങ്ങള്‍ നടത്തിയെങ്കിലും രാജിയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
ഈ മാസം അഞ്ചിന് കൊല്‍ക്കത്തയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച അരുണ്‍ ഗോയല്‍ ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു. ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്‍ മൂലമാണ് അരുണ്‍ ഗോയല്‍ വിട്ടുനിന്നതെന്നായിരുന്നു സിഇസിയുടെ വിശദീകരണം. രാജീവ് കുമാര്‍ മാത്രമാണ് അന്ന് മാധ്യമങ്ങളോട് സംസാരിച്ചത്. ഉത്തര്‍ പ്രദേശിനും മഹാരാഷ്ട്രയ്ക്കും ശേഷം ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് സീറ്റുകളുള്ള സംസ്ഥാനമാണ് പശ്ചിമബംഗാള്‍. ഏഴാം തീയതി ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഗോയല്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് എട്ടിന് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും തൊട്ടടുത്ത ദിവസം രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറുകയുമായിരുന്നു.
2020 ഓഗസ്റ്റ് 18നാണ് തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന അശോക് ലവാസ, കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നതയെ തുടര്‍ന്ന് രാജി വച്ചത്. 13 ദിവസം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലവാസയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചത്. എന്നാല്‍ അരുണ്‍ ഗോയലിന്റെ രാജി അന്നേദിവസം തന്നെ രാഷ്ട്രപതി അംഗീകരിക്കുകയും വിജ്ഞാപനം പുറപ്പെടുവിക്കുകയുമായിരുന്നു. ഏറെ വിവാദം സൃഷ്ടിച്ചുകൊണ്ടായിരുന്നു അരുണ്‍ ഗോയല്‍ പദവിയിലെത്തിയത്. കേന്ദ്ര ഘനവ്യവസായ സെക്രട്ടറി സ്ഥാനത്തുനിന്ന് സ്വയം വിരമിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവിയില്‍ നിയോഗിക്കുകയായിരുന്നു. 2027 വരെയായിരുന്നു അരുണ്‍ ഗോയലിന്റെ കാലാവധി. അടുത്ത വര്‍ഷം സിഇസിയായി ചുമതലയേറ്റെടുക്കേണ്ടതായിരുന്നു.
15ന് യോഗം ചേരും
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിലെ രണ്ട് ഒഴിവുകളിലേക്കുള്ള നിയമനം നടത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ഈ മാസം 15ന് യോഗം ചേരും. അനൂപ് ചന്ദ്ര പാണ്ഡെയുടെ വിരമിക്കല്‍, അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത രാജി എന്നിവയെ തുടര്‍ന്നുണ്ടായ ഒഴിവുകളിലേക്കാണ് നിയമനം നടക്കുക. ദിവസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കുമെന്ന സാഹചര്യം നിലനില്‍ക്കെയാണ് അരുണ്‍ ഗോയല്‍ രാജിവച്ചത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ മാത്രമാണ് നിലവിൽ തെരഞ്ഞെടുപ്പ് കമ്മിഷനിലുള്ളത്. പുതിയ കമ്മിഷണർമാരെ കണ്ടെത്താനായി നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിന്റെ അധ്യക്ഷതയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. ഹോം സെക്രട്ടറി, പേഴ്സണൽ ആന്റ് ട്രെയിനിങ് വകുപ്പ് സെക്രട്ടറി എന്നിവരും കമ്മിറ്റിയിലുണ്ട്. കമ്മിറ്റി നിർദേശിക്കുന്നവരിൽനിന്ന് പ്രധാനമന്ത്രി, ഒരു കേന്ദ്രമന്ത്രി, ലോക‌്സഭയിലെ കോൺഗ്രസ് സഭാനേതാവ് അധിർ രഞ്ജന്‍ ചൗധരി എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റി അന്തിമ അംഗീകാരം നൽകും. രാഷ്ട്രപതിയാണ് കമ്മിഷണർമാരെ നിയമിക്കുന്നത്.
English Summary: Election Commissioner Arun Goel Resigns
You may also like this video