Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് തോല്‍വി: തൃശൂര്‍ കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റര്‍ പോര്

ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി തൃശൂരില്‍ വീണ്ടും പോസ്റ്ററുകള്‍. തൃശൂരിലെയും, ആലത്തൂരിലെയും തോല്‍വി പരിശോധിക്കുന്ന കെപിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും,കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരക്കണമെന്നും ആവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പരിസരത്തും,നഗരത്തിലും കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ കെ മുരളീധരൻ പരാജയപ്പെട്ടപ്പോഴും തൃശൂർ ഡിസിസി ഓഫീസിന് മുൻപിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ടി എൻ പ്രതാപനെതിരെയും ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂരിനെതിരെയുമായിരുന്നു പോസ്റ്ററുകൾ പതിച്ചത്. തെരഞ്ഞെടുപ്പിൽ മുരളീധരൻ മൂന്നാം സ്ഥാനത്തായതോടെ നാടകീയ രം​ഗങ്ങളായിരുന്നു തൃശൂർ കോൺഗ്രസിൽ ഉണ്ടായത്. ഡിസിസി ഓഫീസായ കെ കരുണാകരൻ സപ്‌തതി മന്ദിരത്തിൽ കോൺഗ്രസുകാർ കൂട്ടത്തല്ല് നടത്തി.പിന്നാലെ ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂർ രാജിവയ്ക്കുകയും ചെയ്തു. തോൽവി പരിശോധിക്കാൻ കെപിസിസി അന്വേഷണ കമീഷനെ നിയോഗിച്ചിരുന്നു.

കെ സി ജോസഫും ആർ ചന്ദ്രശേഖരനും തൃശൂർ ഡിസിസിയിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.ആലത്തൂരിൽ രമ്യ ഹരിദാസിന്റെ തോൽവിയിലും ചേരിപ്പോര് ശക്തമായിരുന്നു. തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെതിരെ വിവിധയിടങ്ങളില്‍ പോസ്റ്റര്‍ പതിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളുമുണ്ടായി. എന്നാൽ രമ്യയുടെ പരാജയത്തിൽ പാർടിക്ക് പിഴവില്ലെന്നും സ്ഥാനാർഥിയുടെ വ്യക്തിപരമായ പിഴവാണ് പരാജയത്തിലേക്ക് നയിച്ചതെന്നുമാണ് ജില്ലയിലെ പാർടിയുടെ വിലയിരുത്തൽ. 

കോൺ​ഗ്രസിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ നിർദേശിച്ച കാര്യങ്ങൾ സ്ഥാനാർഥി വേണ്ടരീതിയിൽ ശ്രദ്ധിച്ചില്ലെന്ന് ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി. സ്ഥാനാർഥിക്കും പാലക്കാട്, തൃശൂർ ജില്ലയിലെ ചില നേതാക്കൾക്കും വീഴ്ച സംഭവിച്ചെന്ന ആരോപണത്തെത്തുടർന്ന് കെപിസിസി ഇവിടെയും അന്വേഷണം പ്രഖ്യാപിച്ചു. കെപിസിസി സമിതി വിഷയം അന്വേഷിച്ച് പ്രസിഡന്റ് കെ സുധാകരനു റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ റിപ്പോർട്ടുകളൊന്നും പുറത്തു വരികയോ ആർക്കെങ്കിലുമെതിരെ നടപടി ഉണ്ടാകുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് കോൺ​ഗ്രസിൽ വീണ്ടും പോസ്റ്റർ പോര് ശക്തമാകുന്നത്. 

Exit mobile version