Site iconSite icon Janayugom Online

തിരഞ്ഞെടുപ്പ് തോൽവി, പാര്‍ട്ടിയിൽനിന്ന് സമ്മര്‍ദ്ദം; ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവച്ചു. ജൂലെെയില്‍ നടന്ന പാര്‍ലമെന്റ് ഉപരിസഭാ തെരഞ്ഞെടുപ്പിലെ ചരിത്രപരമായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് രാജി. ഇഷിബയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്ന് ഭരണകക്ഷിയിലെ അംഗങ്ങള്‍ പുതിയ നേതൃത്വ തിരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.ദീര്‍ഘകാലമായി ജപ്പാനില്‍ അധികാരത്തിലുള്ള പാര്‍ട്ടിയാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി. ഇഷിബയ്ക്ക് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാനാണ് ഇഷിബ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അവകാശപ്പെട്ടത്. എന്നാല്‍, രാജിക്ക് വേണ്ടിയുള്ള വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദം താങ്ങാനാവാതെയാണ് ഈ തീരുമാനമെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വമേധയാ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് കൃഷി മന്ത്രിയും ഒരു മുന്‍ പ്രധാനമന്ത്രിയും ശനിയാഴ്ച രാത്രി ഇഷിബയുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
ജൂലെെയില്‍ നടന്ന ഉപരിസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇഷിബ രാജിവയ്ക്കണമെന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. 84‑കാരനായ മുന്‍ പ്രധാനമന്ത്രി ടാരോ അസോയും ഈ നീക്കത്തെ പിന്തുണയ്ക്കുന്നവരില്‍ ഉള്‍പ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി നേതാവെന്ന നിലയില്‍ ഇഷിബയുടെ കാലാവധി 2027 സെപ്റ്റംബറിലാണ് അവസാനിക്കേണ്ടിയിരുന്നത്. കടുത്ത ദേശീയവാദിയായി അറിയപ്പെടുന്ന അദ്ദേഹത്തിന്റെ പ്രധാന എതിരാളി സനായി ടക്കായിച്ചി, നേതൃസ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. അമേരിക്കയുമായുള്ള താരിഫ് കരാറുകള്‍ക്കും, ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി നിലവിലെ നെല്ല് നയം മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനും ശേഷം, ഇഷിബയുടെ മന്ത്രിസഭയ്ക്കുള്ള പിന്തുണ വര്‍ധിക്കുന്നതായി സമീപകാല അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് പാര്‍ട്ടിയില്‍നിന്ന് സമ്മര്‍ദം ഏറിയതോടെയെ ഇഷിബയ്ക്ക് രാജിവെക്കേണ്ടി വന്നിരിക്കുന്നത്.
2024‑ലെ നേതൃത്വ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ, തീവ്രനിലപാടുള്ള ടക്കായിച്ചിക്ക് അത്ര ജനപ്രീതിയില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓഗസ്റ്റ് അവസാനം നടന്ന ഒരു സര്‍വേയില്‍ ഇഷിബയുടെ ഏറ്റവും ‘അനുയോജ്യമായ’ പിന്‍ഗാമിയായി ടക്കായിച്ചിയെ ആണ് തിരഞ്ഞെടുത്തത്.

Exit mobile version