Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ആയിരം കോടി രൂപയിലധികം പിടിച്ചെടുത്തു

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 1000 കോടിയുടെ കണക്കിൽപ്പെടാത്ത പണവും വസ്തുക്കളും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പിടിച്ചെടുത്തു. ഇത് 2017 തെരഞ്ഞെടുപ്പിനിടെ പിടിച്ചെടുത്തതിന്റെ 240 ശതമാനം അധികമാണ്. 299.8 കോടിയാണ് അന്ന് പിടിച്ചെടുത്തിരുന്നത്. നിലവിൽ പിടിച്ചെടുത്തതിന്റെ 56 ശതമാനവും മയക്കുമരുന്നാണ്.

പഞ്ചാബ്, ഉത്തർപ്രദേശ്, മണിപ്പുർ, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിൽ നിന്നായി 1018.2 കോടിയുടെ വസ്തുക്കളും പണവുമാണ് ഈ മാസം 25 വരെ പിടിച്ചെടുത്തത്. ഇതിൽ 140. 2 കോടി പണവും 99.8 കോടി വിലവരുന്ന 82 ലക്ഷം ലിറ്റര്‍ മദ്യവും 569.52 കോടിയുടെ മയക്കുമരുന്നും ഉൾപ്പെടുന്നു. 115 കോടി മൂല്യമുള്ള അമൂല്യ ലോഹങ്ങളും സൗജന്യമായി വിതരണം ചെയ്യുന്നതിനെത്തിച്ച 93.5 കോടിയുടെ വസ്തുക്കളും പരിശോധനയില്‍ പിടിച്ചെടുത്തു.

പഞ്ചാബിൽ നിന്നാണ് ഏറ്റവും അധികം പണവും വസ്തുക്കളും പിടിച്ചെടുത്തത്, 510.9 കോടി. 376 കോടിയുടെ മയക്കുമരുന്നും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തു നിന്നും ആകെ പിടിച്ചെടുത്തിന്റെ 66 ശതമാനവും മയക്കുമരുന്നാണ്.

രണ്ടാം സ്ഥാനത്തുള്ള യുപിയിൽ നിന്ന് 307.9 കോടി രൂപ പിടിച്ചെടുത്തു. മണിപ്പുർ- 167.83 കോടി, ഉത്തരാഖണ്ഡ്-18.81 കോടി, ഗോവ‑12.73 കോടി എന്നിങ്ങനെയാണ് കണക്കുകൾ. 2017ൽ ഏറ്റവുമധികം വസ്തുക്കളും പണവും പിടിച്ചെടുത്തത് യുപിയിൽ നിന്നാണ്, 193.2 കോടി. പഞ്ചാബ്-89.64 കോടി, ഉത്തരാഖണ്ഡ്-6.85 കോടി, മണിപ്പുർ‑6.42 കോടി, ഗോവ‑3.64 കോടി എന്നിങ്ങനെയാണ് അന്ന് പിടിച്ചെടുത്തത്.

Eng­lish Sum­ma­ry: More than Rs 1,000 crore was seized in five states where elec­tions are being held

You may like this video also

Exit mobile version