Site iconSite icon Janayugom Online

ഉത്തരേന്ത്യയില്‍ അങ്കം മുറുകി; പ്രമുഖർ പത്രിക നല്കിത്തുടങ്ങി

ദേശീയ നേതാക്കൾ കളം കൊഴുപ്പിക്കുകയും പ്രമുഖ നേതാക്കൾ പത്രിക നല്കിത്തുടങ്ങുകയും ചെയ്തതോടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ഉച്ചസ്ഥായിയിലായി. എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും ദേശീയ നേതാക്കളും പ്രചാരണരംഗത്ത് സജീവമായി. പ്രധാനമന്ത്രി മോഡിയും അമിത് ഷായും യുപിയിലാണ് പ്രചരണം കേന്ദ്രീകരിക്കുന്നതെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യമറിയിക്കാൻ ഓട്ടത്തിലാണ്. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയും ഉത്തർപ്രദേശിലെ കർഹാൽ നിയമസഭാ മണ്ഡലത്തിൽ കേന്ദ്രമന്ത്രി എസ്‍‍ പി സിങ് ബാഗേലും ഇന്നലെ പത്രിക സമർപ്പിച്ചു. 

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി തിങ്കളാഴ്ച പട്ടികജാതി സംവരണ സീറ്റായ ബദൗറിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ചാംകൗർ സാഹിബ് സീറ്റിലും ചന്നി മത്സരിക്കുന്നുണ്ട്. ചാംകൗർ സാഹിബിൽ തോല്ക്കുമെന്നതുകൊണ്ടാണ് ചന്നി രണ്ട് സീറ്റിൽ മത്സരിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പരിഹസിച്ചിരുന്നു. പഞ്ചാബിലെ ഏതെങ്കിലും സീറ്റിൽ തനിക്കെതിരെ കെജ്‍രിവാൾ മത്സരിക്കട്ടെ എന്ന് ചന്നി വെല്ലുവിളിക്കുകയും ചെയ്തു. 

അതേസമയം പഞ്ചാബില്‍ എതിരാളികളായ ആം ആദ്മി പാർട്ടിയും ശിരോമണി അകാലിദളും മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ് ഭരണകക്ഷിയായ കോൺഗ്രസ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിക്കാൻ പാർട്ടി ഒരുഘട്ടത്തിൽ തീരുമാനിച്ചിരുന്നതാണ്. എന്നാൽ ചന്നിയും സിദ്ദുവും തമ്മിലുള്ള വടംവലി കണക്കിലെടുത്ത് പ്രഖ്യാപനം വൈകിപ്പിച്ചിരിക്കുകയാണ് നേതൃത്വം. പാർട്ടി തീരുമാനം എല്ലാവർക്കും സ്വീകാര്യമായിരിക്കുമെന്ന് രാഹുൽ ഗാന്ധി ഇരുകൂട്ടർക്കും ഉറപ്പ് നല്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന കർഹാൽ മണ്ഡലത്തിലാണ് കേന്ദ്രമന്ത്രി എസ്‍ പി സിങ് ബാഗേൽ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചത്. ആഗ്രയിൽ നിന്നുള്ള ലോക്‌സഭാ എംപിയും കേന്ദ്ര നിയമ‑നീതി സഹമന്ത്രിയുമാണ് ബാഗേൽ. ഇന്നലെ രാവിലെയാണ് അഖിലേഷ് യാദവ് പത്രിക സമർപ്പിച്ചത്. ബിജെപിയിൽ നിന്നും ആരു മത്സരിച്ചാലും തോല്‍വിയായിരിക്കും ഫലമെന്ന് അഖിലേഷ് യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. അതിനിടെ ഞായറാഴ്ച ഉത്തർപ്രദേശിൽ മാതൃകാ പെരുമാറ്റച്ചട്ടവും കോവിഡ് നിയന്ത്രണങ്ങളും ലംഘിച്ചതിന് ബിജെപി എംപിയും ഭോജ്പുരി നടനുമായ രവി കിഷനെതിരെ പൊലീസ് കേസെടുത്തു. 

ENGLISH SUMMARY; elec­tion in nor­thin­dia Celebri­ties began to file nominations
You may also like this video

Exit mobile version