Site iconSite icon Janayugom Online

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; അവസാനം രാഹുലില്‍ തന്നെ ചെന്നുനില്‍ക്കാന്‍ സാധ്യതകൂടുന്നു

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞെടുപ്പില്‍ അനിശ്ചിതത്വം നേരിടുകയാണ്. കോണ്‍ഗ്രസ് പ്രസിഡന്റാകുവാന്‍ തയ്യാറല്ലെന്ന് രാഹുല്‍ഗാന്ധി പറയുമ്പോള്‍, അദ്ദേഹം ആ പദവിയില്‍ വരണമെന്ന നിലപാടിലാണ് വിവിധ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക്. ഇതിനിടെ അടിയന്തരമായി എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ സോണിയഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഭാരത് ജോഡോയാത്ര നടക്കുന്നതിനിടെയാണ് വേണുഗോപാലിനെ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. ആലപ്പുഴയിലെത്തിയ യാത്രയില്‍ നിന്ന് രാഹുലും ഡല്‍ഹിക്ക് വണ്ടികയറി.

കഴിഞ്ഞ ദിവസം സോണിയാഗാന്ധിയെ കണ്ട ശശിതരൂര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ താല്‍പര്യമുള്ള കാര്യം സോണിയഗാന്ധിയെ അറിയിച്ചിരിക്കുകയാണ്. മറ്റു നേതാക്കളെല്ലാം രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോയാത്രയുടെ തിരക്കിലാണ്. അതേസമയം പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് രാഹുലിനെ കൊണ്ടുവരാന്‍ ഏഴില്‍പ്പരം സംസ്ഥാന ഘടകങ്ങളാണ് പ്രമേയം പാസാക്കിയിരിക്കുന്നത്. സോണിയയോ രാഹുലോ ഇല്ലെങ്കില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രികൂടിയായ അശോക്ഗെലോട്ടിനെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണമെന്നാഗ്രഹിക്കുന്നവരും ഉണ്ട്. എന്നാല്‍ രാഹുല്‍ പ്രസിഡന്റായി വരണമെന്നാണ് ഗെലോട്ടിന്റെ ആവശ്യം. അതിനായി അദ്ദേഹവും രാഹുലിനുമേല്‍ സമ്മര്‍ദ്ദംചെലുത്തുകയാണ്. രാഹുല്‍ഗാന്ധി ഒഴിവായി ഗോലോട്ട് പ്രസിഡന്റായി വരണമെങ്കില്‍ സോണിയയ്ക്ക്മുന്നില്‍ ചില ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പച്ചക്കൊടി കാട്ടിയിട്ടില്ല. കാര്യങ്ങള്‍ ഇങ്ങനെ നീങ്ങുമ്പോഴാണ് രാഹുല്‍ അടക്കമുള്ളവര്‍ സോണിയയുടെ നിര്‍ദ്ദേശപ്രകാരം ഡല്‍ഹിയില്‍ എത്തുന്നത്.

പാര്‍ട്ടി പ്രസിഡന്റായി മത്സരിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുമെന്നും ശശി തരൂരിനോട് സോണിയ ഗാന്ധി പറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം മത്സരിച്ചേക്കും. എങ്കിലും നിരവധി സംസ്ഥാന കോണ്‍ഗ്രസ് യൂണിറ്റുകളുടെ പിന്തുണ രാഹുലിനാണ്. ഗാന്ധി കുടുംബത്തോടുള്ള അവരുടെ വിധേയത്വമാണ് ഇതിലൂടെ  വെളിവാകുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള രാഹുലിന്റെ ഭാരത് ജോഡോ യാത്ര, പാര്‍ട്ടിയില്‍ അംഗീകാരം നേടിയെടുക്കാനുള്ള ഒന്നായി കാണുന്നവര്‍ നിരവധിയുണ്ട്. ഭാരത്ജോഡോ യാത്രയില്‍ രാഹുല്‍ പങ്കെടുത്തു നേതൃത്വം നല്‍കുന്നു എന്നുമാത്രമേയുള്ളു എന്നു ഗാന്ധി കുടുംബത്തിനൊപ്പം നില്‍ക്കുന്നവരും പറയുന്നു. എങ്കിലും ജാഥയുടെ പോസ്റ്ററുകള്‍, ബാനറുകള്‍, മുദ്രാവാക്യങ്ങള്‍ എന്നിവ പരിശോധിച്ചാല്‍ അദ്ദേഹം പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുവനുള്ള ഉപാധിയായി കാണുന്ന രാഷട്രീയ നിരീക്ഷകരുണ്ട്.

കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ണായക സമയത്തിലൂടെയാണ് കടന്നു പോകുന്നത്. പാര്‍ട്ടിക്ക് ഏറ്റവും ദുര്‍ബലമായ കാലഘട്ടമാണ് ഇത്. പാര്‍ട്ടിയിലെ എല്ലാ വിഭാഗങ്ങളും പ്രസിഡന്റ് സ്ഥാനത്തേക്ക് പറയുന്ന പേരാണ് രാഹുല്‍ഗാന്ധിയുടേത്. മറ്റാരെങ്കിലും മത്സരിച്ചാല്‍ കയ്പേറിയ അനുഭവമായിരിക്കും ഉണ്ടാവുകയെന്ന് പാര്‍ട്ടിയിലും ചര്‍ച്ചയാണ്. ജി23 അവരുടെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും. രാഹുല്‍ അല്ലാതെ വന്നാല്‍ മറ്റു പലരും രംഗത്തുവരും. ബിജെപി രാജ്യത്ത് കോണ്‍ഗ്രസിനെ വിഴുങ്ങികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ മത്സരവും പൊട്ടിത്തെറിയുമുണ്ടായാല്‍ അതും അവര്‍ മുതലെടുക്കുമെന്ന് ഭയപ്പെടുന്നരാണ് രാഹുലിനുവേണ്ടി നിലപാടെടുത്തവര്‍. അതിനാല്‍ രാഹുല്‍ പുനര്‍വിചിന്തനം നടത്തി പാര്‍ട്ടി പ്രസിഡന്റാകുമെന്നു പ്രതീക്ഷിക്കുന്നതായി ഒരു വര്‍ക്കിങ് കമ്മിറ്റി അംഗം തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നു.

പുതുച്ചേരി ഉള്‍പ്പെടെ എട്ട് പിസിസികള്‍ രാഹുല്‍ പാര്‍ട്ടി പ്രസിഡന്റാകണമെന്നാവശ്യപ്പെട്ട് പ്രമേയങ്ങള്‍ പാസാക്കി. തെലങ്കാന, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, പഞ്ചാബ് എന്നീ പ്രദേശ് കമ്മിറ്റികളും രാഹുലിനായി മുറവിളികൂട്ടി രംഗത്തു വന്നിട്ടുണ്ട്. ഝാര്‍ഖണ്ഡ് ഘടകവും ഇതേ നിലപാടിലാണ്. 2017ൽ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി അവരോധിക്കപ്പെട്ടപ്പോഴും സമാനമായ പ്രമേയം സംസ്ഥാന ഘടകങ്ങൾ പാസാക്കിയിരുന്നു. അതിനിടെ, ഗലോട്ട് സെപ്റ്റംബർ 26 നും 28 നും ഇടയിൽ കോൺഗ്രസിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് പറയുന്നവരും ഉണ്ട്.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ് ഗലോട്ട്. രാഹുല്‍ പാര്‍ട്ടി പ്രസിഡന്റാകുവാന്‍ സമ്മര്‍ദ്ദം ചെലുത്തികൊണ്ടിരിക്കുന്ന പ്രധാനികളിലൊരാളുമാണ് അദ്ദേഹം. മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും മത്സരിക്കാമെന്നു പാര്‍ട്ടിയുടെ മറ്റൊരു ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. അതാണ് പാര്‍ട്ടി അധ്യക്ഷയുടേയും രാഹുല്‍ഗാന്ധിയുടേയും നിലപാടെന്നും ജയറാം വ്യക്തമാക്കി. രാഹുല്‍ അതു തുറന്നു പറഞ്ഞതാണ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം മുന്നു ദിവസത്തിനുള്ളില്‍ ആരംഭിക്കും. തിങ്കളാഴ്ച ശശി തരൂരിനൊപ്പം മുതിര്‍ന്ന നേതാക്കളായ അഗര്‍വാള്‍, അവിനാശ് പാണ്ഡെ, ദീപേന്ദര്‍ ഹൂഡ എന്നിവരും സോണിയ സന്ദര്‍ശിക്കുവാനുണ്ടായിരുന്നു.

Eng­lish Sum­ma­ry: Elec­tion of Con­gress Pres­i­dent; In the end, it is like­ly that he will go to Rahul himself

You may also like this video:

Exit mobile version