Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ്: പഞ്ചാബിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി

പഞ്ചാബിലെ 86 നിയമസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക കോൺഗ്രസ് പുറത്തിറക്കി. മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി ചംകൗർ സാഹിബില്‍ നിന്ന് മത്സരിക്കും. സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു തന്റെ നിലവിലെ മണ്ഡലമായ അമൃത്സർ ഈസ്റ്റിൽ നിന്നാണ് മത്സരിക്കുന്നത്. ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ ദേരാ ബാബ നാനാക്കില്‍ നിന്നും ഗതാഗത മന്ത്രി രാജ അമ്രീന്ദര്‍ വാറിങ് ഗിദ്ദര്‍ബാഹയില്‍ നിന്നും മത്സരിക്കും. ബോളിവുഡ് നടൻ സോനു സൂദിന്റെ സഹോദരി മാളവിക സൂദ് മോഗയിൽ നിന്നാണ് മത്സരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ഇവർ കോൺഗ്രസിൽ ചേർന്നത്. അടുത്തിടെ പാർട്ടിയിൽ ചേർന്ന ഗായകൻ സിദ്ധു മൂസ്വാല മാൻസയിൽ നിന്നും പ്രതാപ് സിങ് ബജ്‍വ ഖാദിയാനില്‍ നിന്നും മത്സരിക്കും.
പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം പഞ്ചാബിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ വ്യാഴാഴ്ച അന്തിമമാക്കിയിരുന്നു. സിറ്റിങ് എംഎല്‍എമാരില്‍ ചിലരെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ സമവായമായില്ല. ഫെബ്രുവരി 14ന് ഒറ്റഘട്ടമായാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച് 117 സീറ്റുകളിലും ബിജെപി സംഖ്യത്തില്‍ മത്സരിക്കും.

Eng­lish Sum­ma­ry: Elec­tion: Pun­jab Con­gress can­di­dates list is out
You may like this video also

Exit mobile version