Site iconSite icon Janayugom Online

പുതുപ്പള്ളിയില്‍ പ്രചാരണച്ചൂട്

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ വിജയത്തിനായി സംഘടിപ്പിച്ച പുതുപ്പള്ളി വനിതാ അസംബ്ലിയിലേക്ക് എത്തിയ സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുന്നു

തെരഞ്ഞെടുപ്പ് തീയതിയും ഓണക്കാലവും അടുത്തുവരുന്നതോടെ പ്രചാരണത്തിന്റെ ഗതിവേഗം കൂട്ടി മുന്നണികളും സ്ഥാനാർഥികളും. ഓണാവധികളും എട്ടുനോമ്പ് ആചരണവുമൊക്കെ കണക്കിലെടുത്ത് ഈ ആഴ്ചയിൽ പരമാവധി പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് മുന്നണികൾ. എൽഡിഎഫ് സ്ഥാനാർത്ഥി ജയ്ക് സി തോമസ് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി വോട്ടർമാരെ നേരിട്ട് കാണുന്ന തിരക്കിലാണ്. ഒപ്പം വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുപ്പ് യോഗങ്ങളിലും സ്ഥാനാർത്ഥി സജീവമാണ്.
മണർകാട്, പാമ്പാടി, പുതുപ്പള്ളി പഞ്ചായത്തുകളിലായിരുന്നു എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസിന്റെ ഇന്നലത്തെ പ്രചാരണം. ഇന്നലെ ആയിരത്തിലേറെ വനിതകളെ പങ്കെടുപ്പിച്ച് നടത്തിയ എൽഡിഎഫിന്റെ വനിത അസംബ്ലി സുഭാഷിണി അലിയും എഐവൈഎഫ് തെരഞ്ഞെടപ്പ് കൺവെൻഷൻ മന്ത്രി കെ രാജനും ഉദ്ഘാടനം ചെയ്തു.
മാറ്റത്തിലേക്ക് പുതുപ്പള്ളിയെ കൈപിടിച്ചു നടത്താനാണ് എൽഡിഎഫിന്റെ പ്രവർത്തനം. വികസനം തന്നെയാണ് പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ പ്രധാന പ്രചരണായുധം. അതിനായി മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വികസന സന്ദേശ സദസും സംവാദങ്ങളും സംഘടിപ്പിച്ചാണ് എൽഡിഎഫ് മുന്നോട്ട് പോവുന്നത്. വരും ദിവസങ്ങളിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും, വിവിധ എൽഡിഎഫ് നേതാക്കളും അടക്കമുള്ളവർ പുതുപ്പള്ളിയിൽ പ്രചാരണ രംഗത്ത് സജീവമാകും.
എന്നാൽ സംവാദങ്ങളിൽ നിന്നും വികസന ചർച്ചകളിൽ നിന്നും ഒഴിഞ്ഞുമാറിയാണ് യുഡിഎഫിന്റെ നടപ്പ്. പകരം ഇടത് സ്ഥാനാർത്ഥിക്കെതിരായ അവഹേളനങ്ങളും, മറ്റ് നേതാക്കൾക്കെതിരെ ആരോപണങ്ങളും ഉന്നയിച്ച് വികസന മുരടിപ്പ് മറച്ചുവയ്ക്കാനാണ് കോൺഗ്രസ് ശ്രമം. ഒപ്പം ഉമ്മൻചാണ്ടി സഹതാപ തരംഗവും ഒക്കെ കൂട്ടിച്ചേർത്ത് വോട്ടാക്കാനാണ് യുഡി എഫ് നീക്കം. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്നലെ മീനടം പഞ്ചായത്തിൽ പ്രചാരണം നടത്തി. പ്രചരണ രംഗത്ത് ഏറെ പിന്നോക്കംപോയ എൽഡിഎ സ്ഥാനാർഥി ലിജിൻ ലാൽ ഇന്നലെ തോട്ടയ്ക്കാട് പ്രദേശത്താണ് പര്യടനം നടത്തിയത്.

Eng­lish sum­ma­ry; elec­tion puthuppalli

you may also like this video;

 

Exit mobile version