Site icon Janayugom Online

തെരഞ്ഞെടുപ്പ് അട്ടിമറി കേസ്; ട്രംപ് നാളെ അറ്റ്ലാന്റ ജയിലില്‍ കീഴടങ്ങും

trump

തെരഞ്ഞെടുപ്പ് അട്ടിമറി കേസില്‍ വിചാരണ നേരിടാന്‍ സ്വയം കീഴടങ്ങുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാളെ അറ്റ്‍ലാന്റ ജയിലില്‍ സ്വയം കീഴടങ്ങുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഫുള്‍ട്ടണ്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസുമായി നടത്തിയ ചര്‍ച്ചയില്‍ ബോണ്ടും റിലീസ് വ്യവസ്ഥകളും അംഗീകരിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങുമെന്ന ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ കീഴടങ്ങാനുള്ള സമയത്തെക്കുറിച്ച് പരാമർശിച്ചിട്ടില്ല. ട്രംപ് കീഴടങ്ങുമ്പോൾ, റൈസ് സ്ട്രീറ്റ് ജയിലിന് ചുറ്റുമുള്ള പ്രദേശത്ത് ലോക‍്ഡൗണ്‍ ഉണ്ടാകുമെന്ന് ഫുൾട്ടൺ കൗണ്ടി പ്രാദേശിക ഭരണകൂട ഓഫിസ് വ്യക്തമാക്കിയിരുന്നു. 98 പേജുള്ള കുറ്റപത്രത്തിൽ, 2020ലെ തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങളുമായി ബന്ധപ്പെട്ട് ട്രംപിനും മറ്റ് 18 പേര്‍ക്കുമെതിരെ 41 ക്രിമിനൽ കേസുകളാണ് ചുമത്തിയിരിക്കുന്നത്. ഗ്രാൻഡ് ജൂറിമാർക്ക് നേരെയുള്ള ഭീഷണികളും ജോർജിയ അധികാരികൾ അന്വേഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റത്തിന് 2,00,000 ഡോളറിന്റെ ബോണ്ടും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഭീഷണി പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ട്രംപിന്റെ അറ്റോർണിമാരും ഫുൾട്ടൺ ഡിസ്ട്രിക്റ്റ് അറ്റോർണി ഫാനി വില്ലിസും ഒപ്പിട്ട ബോണ്ടിൽ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനും നീതി തടസപ്പെടുത്തുന്നതിനുമുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെ വിടുതൽ വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ജോർജിയ റിക്കോ ആക്റ്റ് ലംഘിച്ചിട്ടുള്ളതിനാലാണ് പിഴത്തുക വർധിപ്പിച്ചത്. കേസിലെ വസ്തുതകളെക്കുറിച്ച് ട്രംപ് തന്റെ അഭിഭാഷകൻ മുഖേനയല്ലാതെ അറിയാവുന്ന ഒരു വ്യക്തിയുമായി നേരിട്ടോ അല്ലാതെയോ ആശയവിനിമയം നടത്തരുതെന്നും നിബന്ധനയുണ്ട്. 

ഈ മാസം 25 ഉച്ചവരെയാണ് ട്രംപിനും അദ്ദേഹത്തിന്റെ 18 കൂട്ടുപ്രതികൾക്കും ഹാജരാകാൻ ഫുൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. മാർച്ച് നാലിന് വിചാരണ ആരംഭിക്കണമെന്ന് കേ­സിലെ പ്രോസിക്യൂട്ടർമാർ നിർദേശിച്ചു. അതേസമയം, വിചാരണ നീട്ടാനാണ് ട്രംപിന്റെ ശ്രമം. ട്രംപിനും 18 സഹായികൾക്കുമെതിരെ കഴിഞ്ഞ ആഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. 91 ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയ മൂന്ന് കുറ്റപത്രങ്ങളിലും ജോർജിയ കോടതിയിലും ട്രംപ് കുറ്റം നിഷേധിച്ചിരുന്നു. 2020ലെ തെരഞ്ഞെടുപ്പ് അട്ടിമറി, രഹസ്യവിവരം സൂ­ക്ഷിക്കൽ, 2016ലെ തെരഞ്ഞെടുപ്പിൽ പോൺ താരത്തിന് പ­ണം നൽകിയത് തുടങ്ങിയ കു­റ്റ­ങ്ങളാണ് ട്രംപിനുമേൽ ചുമത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറി കേസ് പ്രതികളിൽ മുൻ ന്യൂയോർക്ക് മേയറും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ റൂഡി ജ്യുലിയാനിയും ഉൾപ്പെടുന്നു.

Eng­lish Sum­ma­ry: Elec­tion sab­o­tage case; Trump will sur­ren­der to an Atlanta jail tomorrow

You may also like this video

Exit mobile version