തെലങ്കാനയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി സെഷന്‍ 144 ഏര്‍പ്പെടുത്തി. ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ ഡിസംബർ 1 വൈകുന്നേരം 5 മണി വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് നടക്കുന്ന ഹൈദരാബാദിലെ വിവിധ പ്രദേശങ്ങളില്‍ നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചുകൊണ്ട് സിആർപിസിയുടെ സെക്ഷൻ 144 ചുമത്തി സിറ്റി പൊലീസ് കമ്മിഷണർ സന്ദീപ് ഷാൻഡില്യ വിജ്ഞാപനം പുറപ്പെടുവിച്ചു.
തെലങ്കാനയിലെ പോളിംഗ് ദിവസം കണക്കിലെടുത്ത്, ഹൈദരാബാദ്, സെക്കന്തരാബാദ് എന്നിവയുടെ പരിധിയിലുള്ള പോളിംഗ് സ്റ്റേഷനുകളിൽ നിന്ന് 200 മീറ്റർ ചുറ്റളവിൽ നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് നിരോധിച്ചതായി സിറ്റി പൊലീസ് കമ്മിഷണർ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ പറയുന്നു. നവംബർ 30 ന് രാവിലെ 6 മുതൽ രാത്രി 8 വരെ ഈ ഉത്തരവ് പ്രാബല്യത്തിൽ ഉണ്ടായിരിക്കും. ഉത്തരവുകൾ ലംഘിക്കുന്ന ഏതൊരു വ്യക്തിയും പ്രോസിക്യൂഷന് ബാധ്യസ്ഥരായിരിക്കുമെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ, സൈബരാബാദ് കമ്മിഷണറേറ്റ് പരിധിയിൽ സൈബരാബാദ് സിപി സ്റ്റീഫൻ രവീന്ദ്രയും സമാനമായ ഉത്തരവുകൾ പുറപ്പെടുവിച്ചു. സമ്മേളനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചുകൊണ്ടാണ് ഉത്തരവ്. നവംബർ 30 നാണ് തെരഞ്ഞെടുപ്പ് നടക്കുക. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്ന് വൈകുന്നേരം 5 മണിക്ക് അവസാനിച്ചു. വോട്ടെണ്ണൽ ഡിസംബർ മൂന്നിന് നടക്കും.
English Summary: Election: Section 144 imposed in Hyderabad
You may also like this video