Site icon Janayugom Online

തീവണ്ടികള്‍ക്ക് ‘ഇലക്ഷന്‍ സ്റ്റോപ്പ്’

ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ കേന്ദ്രത്തിന്റെയും ബിജെപിയുടെയും നീക്കം. പരീക്ഷണാടിസ്ഥാനത്തില്‍ സ്റ്റോപ്പ് അനുവദിക്കുന്നതും നേരത്തെയുള്ള സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കുന്നതുമെല്ലാം വലിയ നേട്ടമായി കൊട്ടിഘോഷിച്ച് വോട്ട് നേടാനുള്ള ശ്രമമാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം-മധുര‑തിരുവനന്തപുരം അമൃത എക്സ്പ്രസിന് കഴക്കൂട്ടത്ത് സ്റ്റോപ്പ് അനുവദിച്ചത്. ആറ്റിങ്ങല്‍ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ കേന്ദ്രമന്ത്രി വി മുരളീധരനാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസിന് കടയ്ക്കാവൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചതിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. കാപ്പില്‍, ഇരവിപുരം, പെരിനാട് എന്നീ സ്റ്റേഷനുകളില്‍ നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസിന് സ്റ്റോപ്പ് നല്‍കുന്നതിന്റെ ഉദ്ഘാടനം 14നാണ് നിശ്ചയിച്ചിരിക്കുന്നത്. വി മുരളീധരന്‍ തന്നെയാണ് ഈ ഉദ്­ഘാടനങ്ങളും നിര്‍വഹിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിലാണ് റെയില്‍വേ ബോര്‍ഡ് വിവിധയിടങ്ങളില്‍ സ്റ്റോപ്പുകള്‍ അനുവദിക്കുന്നത്. ജനപ്രതിനിധികളും, വിവിധ സംഘടനകളുമെല്ലാം ആവശ്യപ്പെടുന്നത് കണക്കിലെടുത്താണ് ഇതിനുള്ള നടപടികള്‍ സ്വീകരിക്കുക. മൂന്ന് മാസത്തിന് ശേഷം പരിശോധന നടത്തി, യാത്രക്കാരുടെ എണ്ണവും വരുമാനവുമുള്‍പ്പെടെ കണക്കുകൂട്ടിയതിന് ശേഷമായിരിക്കും സ്റ്റോപ്പ് സ്ഥിരമായി നിലനിര്‍ത്തുന്നതിനുള്ള തീരുമാനമുണ്ടാകുക. ഇങ്ങനെ അനുവദിക്കപ്പെടുന്നതും, കോവിഡിന് മുമ്പ് നിലവിലുണ്ടായിരുന്ന സ്റ്റോപ്പുകള്‍ പുനഃസ്ഥാപിക്കുന്നതുമെല്ലാമാണ് രാഷ്ട്രീയ പരിപാടികളാക്കി മാറ്റുന്നത്. 

മുന്‍പും സംസ്ഥാനത്ത് പലയിടങ്ങളിലും വിവിധ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കാറുണ്ടെങ്കിലും, ഇത്തരം ഉദ്ഘാടന പരിപാടികള്‍ പതിവില്ല. ഇതോടെയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്ന സംശയങ്ങള്‍ ഉയരുന്നത്. റെയില്‍വേ ബോര്‍ഡാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്ത് അറിയിപ്പ് നല്‍കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. 

You may also like this video

Exit mobile version