Site icon Janayugom Online

വെളുക്കാന്‍ തേച്ചത് പാണ്ടായി കനുഗോലു

kunugolu

ലോക്‌സഭാ തെരഞ്ഞെടുപ്പ് തൂത്തുവാരാനെന്ന പേരില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിനെ കേരളത്തിലേക്ക് എഴുന്നെള്ളിച്ചത് വെളുക്കാന്‍ തേച്ചത് പാണ്ടുപോലെയായി. കനുഗോലുവിന്റെ നിഗമനങ്ങളും ശുപാര്‍ശകളും കോണ്‍ഗ്രസിനുള്ളില്‍ ഒരു മഹാകലാപത്തിന് കളമൊരുക്കിക്കഴിഞ്ഞുവെന്ന് നേതൃത്വത്തിലെ ഭൂരിപക്ഷവും കരുതുന്നു.

പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുവേണ്ടി തീരുമാനങ്ങളെടുത്തു ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്ന കനുഗോലുവിന്റെ തീരുമാനങ്ങള്‍ കേരളത്തിലെ മാത്രമല്ല രാജസ്ഥാനിലെയും നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ഒരു ഉന്നത കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഒതുക്കാന്‍ അദ്ദേഹത്തിന്റെ അനുയായികളായ 27 എംഎല്‍എമാര്‍ക്ക് സീറ്റ് നിഷേധിച്ചുള്ള പട്ടിക ദേശീയ നേതൃത്വത്തിന് സമര്‍പ്പിച്ച കനുഗോലു രാജസ്ഥാന്‍ കോണ്‍ഗ്രസിലും വന്‍ പൊട്ടിത്തെറിക്കാണ് വഴിമരുന്നിട്ടിരിക്കുന്നതെന്നും അദ്ദേഹം കരുതുന്നു. ഗെലോട്ട് വിരുദ്ധനായ സച്ചിന്‍ പെെലറ്റിന് വേണ്ടിയാണ് സുനില്‍ കനുഗോലു കളിക്കുന്നതെങ്കില്‍ കേരളത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് ദേശീയ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ചേര്‍ന്ന അച്ചുതണ്ടിന് വേണ്ടിയാണ് ഈ നേതാവ് ആരോപിക്കുന്നു.

നിലവിലെ ഭൂരിപക്ഷം സിറ്റിങ് അംഗങ്ങള്‍ക്കും സീറ്റില്ലെന്ന് കനുഗോലു റിപ്പോര്‍ട്ട് തയ്യാറാക്കിയതിനു പിന്നില്‍ വേണുഗോപാലാണെന്നും അഭ്യൂഹം പരക്കുന്നുണ്ട്. സീറ്റ് നിഷേധിക്കുന്നുവെന്ന പ്രചരണം വ്യാപകമായി നടത്തുന്നത് ഇവരില്‍ ചിലരെ കൂടെ നിര്‍ത്താനും മറ്റ് ചിലരെ വെട്ടിനിരത്താനുമാണെന്ന നിഗമനവുമുണ്ട്. ഒമ്പത് തവണ മത്സരിക്കുകയും എട്ട് തവണ ജയിക്കുകയും ചെയ്ത കൊടിക്കുന്നില്‍ സുരേഷിന് സീറ്റ് നല്‍കേണ്ടതില്ല എന്നാണ് നേതൃനിരയിലെ മഹാഭൂരിപക്ഷത്തിനും അഭിപ്രായം. പക്ഷെ ഇതൊന്നും കനുഗോലുവിന് വിഷയമല്ല.

തൃശൂരില്‍ ടി എന്‍ പ്രതാപന്‍ തനിക്ക് ഇക്കുറി മത്സരിക്കാന്‍ താല്പര്യമില്ലെന്ന് ആദ്യമൊക്കെ പറഞ്ഞിരുന്നുവെങ്കിലും മത്സരിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇതോടെ കെ കരുണാകരന്റെ പുത്രിയും കെ മുരളീധരന്റെ പെങ്ങളുമായ പത്മജാ വേണുഗോപാലിനെ രംഗത്തിറക്കിയത് കുളംകലക്കി സ്ഥാനാര്‍ത്ഥിത്വത്തിന് കളമൊരുക്കാനാണെന്ന വ്യക്തമായ സൂചനകളും വന്നുകഴിഞ്ഞു. ലോക്‌സഭയിലേക്കും നിയമസഭയിലേക്കുമെല്ലാം മത്സരിച്ചു തോറ്റെങ്കിലും കോണ്‍ഗ്രസ് നേതൃത്വം എന്നും തന്നെ അവഗണിച്ചിട്ടേയുള്ളുവെന്ന് പത്മജ കഴിഞ്ഞ ദിവസം പറഞ്ഞത് തൃശൂര്‍ സീറ്റില്‍ കണ്ണും നട്ടാണെന്നും ഉറപ്പാണ്. കെ മുരളീധരനെ പത്മജ തള്ളിപ്പറയുകപോലും ചെയ്തു.

കനുഗോലു തയ്യാറാക്കിയ വെട്ടിനിരത്തല്‍ പട്ടികയില്‍ ഏറെയും എ ഗ്രൂപ്പുകാരാണെന്ന കൗതുകം വേറെ. ലിസ്റ്റില്‍ രണ്ട് ഐ ഗ്രൂപ്പുകാരുമുണ്ട്. വേണുഗോപാലിന് മത്സരിക്കാന്‍ ആലപ്പുഴ സീറ്റ് തരപ്പെടുത്താന്‍ അദ്ദേഹത്തിന്റെ പേരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. വേണുഗോപാല്‍ ആലപ്പുഴയില്‍ പ്രാരംഭതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.

കനുഗോലുവിനെ മുന്നില്‍ നിര്‍ത്തി കളിക്കുകയും കെപിസിസി നേതൃത്വത്തെയും എ, ഐ ഗ്രൂപ്പുകളെയും അപ്രസക്തമാക്കുകയും ചെയ്യുന്ന വേണു-സതീശന്‍ ദ്വയത്തിനെതിരെ വരുംനാളുകളില്‍ വന്‍പടയോട്ടമാണ് നടക്കാന്‍ പോകുന്നതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

You may also like this video

Exit mobile version