നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന പശ്ചിമ ബംഗാളിന് 2026–27 കേന്ദ്ര ബജറ്റിൽ വലിയ മുൻഗണന നൽകി ധനമന്ത്രി നിർമ്മല സീതാരാമൻ. വാരണാസി-സിലിഗുരി അതിവേഗ റെയിൽ ഇടനാഴിയും ഡങ്കുനി-സൂററ്റ് പ്രത്യേക ചരക്ക് ഇടനാഴിയും ഉൾപ്പെടെയുള്ള പദ്ധതികൾ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പുത്തൻ ഉണർവ് നൽകും.
വാരണാസിയെയും പശ്ചിമ ബംഗാളിലെ സിലിഗുരിയെയും ബന്ധിപ്പിക്കുന്ന പുതിയ അതിവേഗ റെയിൽ ഇടനാഴിബജറ്റിൽ പ്രഖ്യാപിച്ചു. ഇത് വടക്കൻ ബംഗാളിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കും. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലുള്ള ഡങ്കുനിയെ ഗുജറാത്തിലെ സൂററ്റുമായി ബന്ധിപ്പിക്കുന്ന കിഴക്ക്-പടിഞ്ഞാറ് ചരക്ക് ഇടനാഴി യാഥാർത്ഥ്യമാക്കും. ഇത് വ്യാവസായിക മേഖലയിലെ ചരക്ക് നീക്കം സുഗമമാക്കും.
ദുർഗാപൂർ കേന്ദ്രമാക്കി ‘ഈസ്റ്റ് കോസ്റ്റ് ഇൻഡസ്ട്രിയൽ കോറിഡോർ’ വികസിപ്പിക്കും. കിഴക്കൻ ഇന്ത്യയിലെ പ്രധാന വ്യവസായ ഹബ്ബായി ദുർഗാപൂരിനെ മാറ്റുകയാണ് ലക്ഷ്യം. രാജ്യത്തെ സർഗ്ഗാത്മക വിദ്യാഭ്യാസത്തിന് കരുത്തേകാൻ കിഴക്കൻ ഇന്ത്യയിൽ പുതിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ സ്ഥാപിക്കും. കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം ലക്ഷ്യമിട്ടുള്ള ‘പൂർവോദയ’ പദ്ധതിയിലും ബംഗാളിനും വലിയ വിഹിതം ലഭിച്ചു.
പശ്ചിമ ബംഗാൾ ഉൾപ്പെടെ അഞ്ച് പൂർവോദയ സംസ്ഥാനങ്ങളിലായി അഞ്ച് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും. ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി കിഴക്കൻ മേഖലയിലുടനീളം 4,000 ഇലക്ട്രിക് ബസുകൾ വിന്യസിക്കും. ദേശീയ ലോജിസ്റ്റിക്സ് നയത്തിന്റെ ഭാഗമായി ചരക്ക് നീക്കത്തിനുള്ള ചെലവ് ജിഡിപിയുടെ പത്ത് ശതമാനത്തിൽ താഴെ എത്തിക്കാനാണ് സിലിഗുരി ഇടനാഴിയിലൂടെ സർക്കാർ ശ്രമിക്കുന്നത്.
അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ബംഗാളിന് നൽകിയ ഈ പ്രത്യേക പരിഗണന ബിജെപിയുടെ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. സിലിഗുരിയിൽ നടന്ന റാലിയിൽ വടക്കൻ ബംഗാളിനായി പ്രത്യേക പദ്ധതികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ബജറ്റിലെ വൻ വിഹിതം. ഉല്പാദനം, ഗ്രാമീണ വികസനം, തൊഴിലവസരങ്ങൾ എന്നിവയിൽ കേന്ദ്രീകരിച്ചുള്ള ഈ പദ്ധതികൾ തെരഞ്ഞെടുപ്പിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് നിരീക്ഷകർ കരുതുന്നു.

