കാർ അടക്കമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് പരിധിയിൽ വരുന്ന വാഹനങ്ങൾക്ക് മുംബൈയിലേക്ക് പ്രവേശിക്കുന്നതിന് ടോൾ ഒഴിവാക്കി. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിന്റെ വമ്പൻ പ്രഖ്യാപനം.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ടോൾ ഇളവ് സംബന്ധിച്ച നിർണായക തീരുമാനം ഉണ്ടായത്. വാഷി, വര്‍ളി , മുളുന്ദ് (എല്‍ബിഎസ് റോഡ്), മുളുന്ദ് (ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ), ദഹിസര്‍ എന്നിവിടങ്ങളിലായി മുംബൈയിലേക്കുള്ള അഞ്ച് കവാടങ്ങളിലാണ് ടോള്‍ ബൂത്തുകളുള്ളത്. മൂന്നുവര്‍ഷം കൂടുമ്പോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം ചെറുവാഹനങ്ങളുടെ ടോള്‍ 45 രൂപയായി ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ പെട്ടെന്നുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനം.
മുംബൈയിലേക്ക് ദിവസവും ആറ് ലക്ഷത്തോളം വാഹനങ്ങള്‍ വരികയും പോകുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍. താനെ ക്രീക്ക് പാലത്തിന്റെ നിർമ്മാണച്ചെലവ് തിരികെ ലഭിക്കുന്നത് വരെ ടോൾ തുടരണമെന്ന കോർപറേഷന്റെ ആവശ്യം തള്ളിക്കൊണ്ടാണ് സർക്കാരിന്റെ നീക്കം.