ഇലക്ടറല്‍ ബോണ്ടില്‍ ദേശീയ തലത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് (എഎപി) ഏറ്റവും കുടുതല്‍ സംഭാവന നല്‍കിയത് ബജാജ് ഗ്രൂപ്പ്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച രേഖയിലാണ് എഎപി ഈ വിവരം വ്യക്തമാക്കിയത്. 2019 ഏപ്രില്‍ പത്തിന് ബജാജ് ഗ്രൂപ്പ് മൂന്നു കോടി രൂപയാണ് എഎപിക്ക് സംഭാവന ചെയ്തത്. ഒരു കോടി രൂപയുടെ മൂന്നു ഇടപാട് വഴിയായിരുന്നു കമ്പനി ബോണ്ട് വാങ്ങിയത്. ആകെ 48 കോടി രൂപയാണ് കമ്പനി സിപിഐ അടക്കമുള്ള ഇടതുപാര്‍ട്ടികള്‍ ഒഴിച്ചുള്ളവര്‍ക്ക് സംഭാവന നല്‍കിയത്. 2019 ഏപ്രില്‍ 18 മുതല്‍ 2023 ജൂലൈ 26 വരെയുള്ള കണക്കനുസരിച്ച് എഎപിക്ക് ആകെ 65. 45 കോടി രൂപയാണ് ബോണ്ടായി ലഭിച്ചതെന്നും കമ്മിഷന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
മരുന്ന് നിര്‍മ്മാണ കമ്പനിയായ ടോറന്റ് ഫാര്‍മസ്യൂട്ടിക്കലാണ് ബജാജ് ഗ്രൂപ്പിന് പുറകെ എഎപിക്ക് സംഭാവന നല്‍കിയവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഒരു കോടി രൂപയാണ് കമ്പനി എഎപിക്ക് നല്‍കിയത്. മഹാരാഷ്ട്ര ആസ്ഥനമായുള്ള ബിജി ഷിര്‍കെ എന്ന നിര്‍മ്മാണ കമ്പനിയാണ് എഎപിക്ക് സംഭാവന നല്‍കിയ മറ്റൊരു സ്ഥാപനം. 2019 ല്‍ കമ്പനി എഎപിക്ക് ഒരു കോടി രൂപയാണ് സംഭാവന ചെയ്തത്. കെഎംഎസ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി 50 ലക്ഷം, ബംഗളൂരു ആസ്ഥാനമായുള്ള എന്‍ജെകെ എന്റര്‍പ്രൈസസ് 20 ലക്ഷം എന്നീങ്ങനെയാണ് എഎപിക്ക് ലഭിച്ച മറ്റ് കമ്പനികളുടെ വിഹിതം. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി ടോറന്റ് ഗ്രൂപ്പ് 184 കോടി രൂപയാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടോറന്റ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാന്‍ സുധീര്‍ മേത്തയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്ന് ദി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. 2014 ല്‍ മോഡി അധികാരത്തില്‍ വന്നശേഷം ടോറന്റ് ഫാര്‍മസിക്ക് പുതിയതായി കണ്ടുപിടിച്ച മരുന്നിന്റെ വിലയില്‍ ഇളവ് പ്രഖ്യാപിച്ചത് വഴിവിട്ട നീക്കമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 ല്‍ അമേരിക്കയില്‍ നടന്ന അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള ഉന്നതതല ചര്‍ച്ചയില്‍ സുധീര്‍ മേത്തയും ഗൗതം അഡാനിയും മോഡിയുടെ വിശ്വസ്തരായി പങ്കെടുത്തു.
English Summary: Electoral Bond: Bajaj Group has contributed the most to AAP
You may also like this video