Site iconSite icon Janayugom Online

ഇലക്ട്രല്‍ ബോണ്ട്: വിവരങ്ങള്‍ നല്‍കാതെ ഒഴിഞ്ഞുമാറാനാകില്ല

ഇലക്ട്രല്‍ ബോണ്ട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാനില്ലെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മിഷന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കി.
വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷ പ്രകാരം ഇലക്ട്രല്‍ ബോണ്ട് സംബന്ധിച്ച ലഭ്യമായ എല്ലാ വിവരങ്ങളും ധനകാര്യ നിയമ ഭേദഗതി സംബന്ധിച്ച വിവരങ്ങളും നല്‍കിയതായി സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ ലോകേഷ് ബത്ര സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയുമായി ബന്ധപ്പെട്ടാണ് കേസ്.
2017ലെ ധനകാര്യ നിയമഭേദഗതിക്ക് ശേഷമുള്ള ഇലക്ട്രല്‍ ബോണ്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും ആവശ്യപ്പെട്ടാണ് ലോകേഷ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. എന്നാല്‍ കമ്മിഷന്‍ ഇക്കാര്യത്തില്‍ വിസമ്മതിക്കുകയായിരുന്നു, വിവരങ്ങള്‍ ലഭ്യമല്ലെന്ന് എഴുതി അയയ്ക്കുകയും ചെയ്തു. ഇതിനെതിരെയാണ് വിവരാവകാശ കമ്മിഷണര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദശം നല്‍കിയത്.
ലഭ്യമായ വിവരങ്ങളെല്ലാം ബത്രയ്ക്ക് നല്‍കി കഴിഞ്ഞുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ സീല്‍ പതിപ്പിച്ച് മറുപടി നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

eng­lish sum­ma­ry; Elec­toral Bond: Can not be evac­u­at­ed with­out information

You may also like this video;

Exit mobile version