വിവാദ ഇലക്ടറല്‍ ബോണ്ടിന്റെ വിശദംശങ്ങള്‍ വെബ്സൈറ്റില്‍ നിന്ന് നീക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധവും ജനങ്ങളുടെ അറിയാനുള്ള അവകാശം ലംഘിക്കുന്നതുമാണെന്ന വിധിയോടെയാണ് ബോണ്ടിന്റെ വില്പനാ അവകാശം കൈവശംവച്ചിരുന്ന എസ്ബിഐ വിവരങ്ങള്‍ നീക്കം ചെയ്തത്. ഇലക്ടറല്‍ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നും സുതാര്യതയില്ലത്തതാണെന്നും ചൂണ്ടിക്കാട്ടി പദ്ധതി റദ്ദാക്കി ഫെബ്രുവരി 15 ന് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുവരെ എസ്ബിഐ വഴി വില്പന നടത്തിയ ബോണ്ടിന്റെ മുഴുവന്‍ രേഖകളും ഈമാസം ആറിനകം തെരഞ്ഞടുപ്പ് കമ്മിഷന് സമര്‍പ്പിക്കാനും പരമോന്നത കോടതി ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈമാസം 13ന് ബോണ്ടിന്റെ മുഴുവന്‍ വിവരങ്ങളും തങ്ങളുടെ വെബ്സൈറ്റ് വഴി പൊതുജനസമക്ഷം ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിശ്ചിത തീയതിക്ക് വിവരം സമര്‍പ്പിക്കാനാവില്ലെന്നും നാലുമാസം അനുവദിക്കണമെന്നും എസ്ബിഐ കഴിഞ്ഞദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ബാങ്കിന്റെ വെബ്സൈറ്റില്‍ നിന്ന് രേഖകള്‍ അപ്രത്യക്ഷമായത്.
ബോണ്ടുമായി ബന്ധപ്പെട്ട ലിങ്ക്, വെബ്പേജ് അടക്കമുള്ള രേഖകള്‍ അപ്രത്യക്ഷമായി. ഓപ്പറേറ്റിങ് ഗൈഡ്‌ലൈന്‍സ് ഫോര്‍ ഡോണേഴ്സ് ആന്റ് ഫ്രീക്വന്റ് ലി ആസ്ക്ഡ് ക്വസ്റ്റ്യന്‍സ്-എഫ്എക്യൂ എന്ന ലിങ്ക് മാത്രമാണ് സൈറ്റില്‍ ഇപ്പോഴുള്ളത്. ഓപ്പറേറ്റിങ് ഗൈഡ് ലൈന്‍സ് ഫോര്‍ ഡോണേഴ്സ് എന്നതില്‍ 2018ല്‍ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം മാത്രമാണുളളത്. ബോണ്ടുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഇതുവഴി ലഭിക്കുക. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ചാണ് എസ്ബിഐയുടെ ഇലക്ടറല്‍ ബോണ്ട് അപേക്ഷ പരിഗണിക്കുക.
എസ് ബി ഐക്കെതിരെ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയും 11ന് പരിഗണിക്കും. ഒരു വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന വിവരം കമ്മിഷന് സമര്‍പ്പിക്കാന്‍ നാലുമാസം സമയം നീട്ടിചോദിച്ച എസ്ബിഐ നിലപാട് ദുരൂഹമാണെന്ന് സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷവും മുന്‍ ധനകാര്യ സെക്രട്ടറി അടക്കമുള്ളവരും അഭിപ്രായപ്പെട്ടിരുന്നു.
English Summary: Electoral bond documents removed from SBI website
You may also like this video