ഇക്കഴിഞ്ഞ ഏപ്രില്‍ മാസം വിറ്റഴിച്ച ഇലക്ടറല്‍ ബോണ്ടുകളില്‍ ഭൂരിഭാഗവും ഹൈദരാബാദില്‍. ഏപ്രില്‍ ഒന്ന് മുതല്‍ പത്ത് വരെ നടന്ന ഇരുപതാമത് വില്പനയില്‍ ആകെ 648 കോടി രൂപയുടെ ബോണ്ടുകളാണ് വിറ്റഴിച്ചത്. ഇവയില്‍ 425 കോടി രൂപയും എസ്ബിഐയുടെ ഹൈദരാബാദ് ബ്രാഞ്ചില്‍ നിന്നാണ് വിറ്റഴിച്ചതെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ കനയ്യ കുമാറിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ച മറുപടിയില്‍ വ്യക്തമാക്കുന്നു.
ചെന്നൈ ബ്രാഞ്ചിലാണ് നൂറ് കോടി രൂപയുടെ ബോണ്ടുകള്‍ വിറ്റത്. കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി, പനാജി ബ്രാഞ്ചുകളിലുമായി ബാക്കിയുള്ള ബോണ്ടുകളുടെ വില്പന നടന്നു.
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് ഹൈദരാബാദില്‍ ഇലക്ടറല്‍ ബോണ്ടുകളുടെ വില്പനയില്‍ വലിയ വര്‍ധനവുണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്. 2024 ജനുവരി വരെ കാലാവധിയുള്ള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രീയ സമിതി(ടിആര്‍എസ്) അധ്യക്ഷനുമായ കെ ചന്ദ്രശേഖര്‍ റാവു നിഷേധിച്ചിട്ടുണ്ട്.
ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രധാന ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടെ ബാങ്ക് അക്കൗണ്ട് ന്യൂഡല്‍ഹിയിലും, ടിആര്‍എസിന്റേത് ഹൈദരാബാദിലുമാണ്. ഇത്തവണ വിറ്റഴിക്കപ്പെട്ട ഇലക്ടറല്‍ ബോണ്ടുകളില്‍ ഭൂരിപക്ഷത്തിന്റെയും ഗുണഭോക്താവ് ടിആര്‍എസ് ആണെന്ന സൂചനകളാണ് വിവരങ്ങള്‍ നല്‍കുന്നതെന്ന് കനയ്യ കുമാര്‍ ചൂണ്ടിക്കാട്ടി. യുപി, പഞ്ചാബ്, ഗോവ, മണിപ്പുര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി നടന്ന കഴിഞ്ഞ തവണത്തെ ഇലക്ടറല്‍ ബോണ്ടില്‍ 1213 കോടി രൂപയുടെ ബോണ്ടുകളാണ് വിറ്റത്.
English Summary: Electoral Bond: Most sold in Hyderabad
You may like this video also