Site iconSite icon Janayugom Online

ഇലക്ടറല്‍ ബോണ്ട്: ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടു

ഇലക്ട്രല്‍ ബോണ്ടുകളുടെ നിയമസാധുത പരിശോധിക്കുന്ന വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരുടെതാണ് തീരുമാനം. ഈ മാസം 31ന് കേസില്‍ വാദം കേള്‍ക്കും.

ഇലക്ട്രല്‍ ബോണ്ടുകള്‍ മണി ബില്ലായാണ് പാസാക്കിയതെന്നും പൗരന്മാരുടെ അറിയാനുള്ള അവകാശങ്ങളെ ഹനിക്കുന്നതാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായം ലഭിച്ച വ്യവസായ സ്ഥാപനങ്ങളാണ് തുക നല്‍കുന്നത് എന്നതിനാല്‍ അത് അഴിമതി പ്രോത്സാഹിപ്പിക്കുമെന്നും കാണിച്ച് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് കോടതിയെ സമീപിച്ചത്. 2018ല്‍ ആരംഭിച്ച പദ്ധതിക്കെതിരെ സിപിഐ(എം), കോണ്‍ഗ്രസ് നേതാവ് ഡോ. ജയ ഠാക്കൂര്‍, സ്പന്ദൻ ബിസ്വാള്‍ തുടങ്ങിയവരുംരംഗത്ത് വന്നിരുന്നു. 

പുതിയ ഇലക്ട്രൽ ബോണ്ടുകൾ പുറത്തിറക്കുന്നത് സ്റ്റേ ചെയ്യണം എന്ന ആവശ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. വിദേശ കോര്‍പറേറ്റുകള്‍ ബോണ്ട് വാങ്ങുകയും രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കുകയും ചെയ്യുമെന്ന വാദം തെറ്റിദ്ധാരണയാണെന്ന് കോടതി അന്ന് നിരീക്ഷിച്ചു. പദ്ധതിയുടെ മൂന്നാം വകുപ്പ് അനുസരിച്ച് ഇന്ത്യൻ പൗരന്മാര്‍ക്കും ഇന്ത്യയില്‍ ആരംഭിച്ച കമ്പനികള്‍ക്കും മാത്രമേ ബോണ്ട് വാങ്ങാൻ സാധിക്കൂ എന്നും ബാങ്കുകള്‍ മുഖേനയാണ് ഇടപാട് എന്നതിനാല്‍‍ സുതാര്യമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. 

Eng­lish Sum­ma­ry: Elec­toral Bond: Peti­tions referred to Con­sti­tu­tion Bench

You may also like this video

Exit mobile version