ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച പൂര്‍ണ രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കെെമാറി. യുണീക് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് വ്യാഴാഴ്ച കൈമാറിയ രേഖകളിലുള്ളത്. ഇവ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ഈ മാസം 18നാണ് ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച പൂര്‍ണ രേഖകള്‍ സമര്‍പ്പിക്കാൻ സുപ്രീം കോടതി എസ്ബിഐയോട് ഉത്തരവിട്ടത്. ബോണ്ട് വാങ്ങിയ വ്യക്തി, എത്ര രൂപയുടെ ബോണ്ടാണ് വാങ്ങിയത്, ബോണ്ട് പണമാക്കിയ പാര്‍ട്ടി, രാഷ്ട്രീയ പാര്‍ട്ടികളുടെ ബാങ്ക് അക്കൗണ്ടിന്റെ അവസാന നാല് അക്കം, എത്ര രൂപയുടെ ബോണ്ടുകളാണ് പണമാക്കിയത് തുടങ്ങിയ വിവരങ്ങളാണ് ഇതിലൂടെ അറിയാൻ സാധിക്കുക. നേരത്തെ ബോണ്ട് വാങ്ങിയവരുടെ വിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എത്ര രൂപ ലഭിച്ചു എന്നും മാത്രമാണ് എസ്ബിഐ പുറത്തുവിട്ടിരുന്നത്.
ബാങ്ക് അക്കൗണ്ട് നമ്പരുകള്‍, കെവൈസി എന്നിവയുടെ പൂര്‍ണ വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ വെളിപ്പെടുത്തുന്നില്ല എന്നാണ് എസ്ബിഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. ബോണ്ട് വാങ്ങിയവരുടെ കെവൈസി രേഖകളും പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളെ തിരിച്ചറിയുന്നതിന് അത് അത്യാവശ്യമല്ലെന്നും എസ്ബിഐ പറയുന്നു. കെവൈസി രേഖകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ഒഴികെ മറ്റൊരു രേഖകളും കൈവശമില്ലെന്നും ബാങ്ക് ചെയര്‍മാന്‍ സുപ്രീം കോടതിയെ അറിയിച്ചു.
ബോണ്ടുകളെ തിരിച്ചറിയുന്നതിനും ഏത് പാര്‍ട്ടിയാണ് അത് വാങ്ങിയത് എന്ന് മനസിലാക്കുന്നതിനും അക്കങ്ങളും അക്ഷരങ്ങളും ഉള്‍പ്പെടുത്തിയുള്ള യുണീക് നമ്പരാണ് സഹായകമാകുക. ഈ നമ്പര്‍ വ്യക്തമാക്കാതെ എസ്ബിഐ പൂര്‍ണ വിവരം വെളിപ്പെടുത്തിയതായി കണക്കാക്കാനാകില്ലെന്ന് ഈ മാസം 11ലെ വിധി പ്രഖ്യാപനത്തില്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് മുഴുവന്‍ വിവരങ്ങളും കെെമാറാന്‍ ബാങ്കിന് നിര്‍ദേശം നല്‍കി.
English Summary:Electoral bond released complete documents
You may also like this video