Site iconSite icon Janayugom Online

ഇലക്ടറല്‍ ബോണ്ട് പദ്ധതി: ഭേദഗതിയുമായി കേന്ദ്രം

തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ച് ഇലക്ടറല്‍ ബോണ്ട് പദ്ധതിയിലെ ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി. തെരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷങ്ങളിലെ ബോണ്ട് വില്പനയ്ക്ക് 15 ദിവസം അധികം അനുവദിക്കുന്നതാണ് ഭേദഗതി. ഇത് ഉപയോഗപ്പെടുത്തി ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ന് തെരഞ്ഞെടുപ്പ് ബോണ്ട് വില്പന ആരംഭിക്കും. ഈ മാസം 15 വരെയാണ് വില്പനയുടെ സമയം.

വ്യക്തികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും ബാങ്ക് വഴി ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാം. 2018ലാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി ഇലക്ടറല്‍ ബോണ്ടുകള്‍ പുറത്തിറക്കിയത്. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ 10 ദിവസമാണ് ബോണ്ടുകളുടെ വില്പന നടക്കുക. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന സമയങ്ങളില്‍ വര്‍ഷത്തില്‍ ഇതിനായി 30 ദിവസം അധിക സമയം അനുവദിക്കുന്നുണ്ട്. 

ഇലക്ടറല്‍ ബോണ്ടുകളുടെ സുതാര്യത ചോദ്യം ചെയ്ത് സാമൂഹിക പ്രവര്‍ത്തകരും എന്‍ജിഒകളും രംഗത്തുണ്ട്. ബോണ്ടുകള്‍ വഴി സംഭാവനകള്‍ നല്‍കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉറവിടം വ്യക്തമാക്കേണ്ട. പണം ചെക്കായി നല്‍കുന്നതിനാല്‍ കള്ളപ്പണമാണോ എന്ന ചോദ്യം ഉയരുന്നില്ലെന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം. ജൂലൈയില്‍ നടന്ന ഇലക്ടറല്‍ ബോണ്ടുകളുടെ 21-ാമത് വില്പനയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 389.5 കോടി മുതല്‍ 10,246 കോടി വരെ സംഭാവന ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കു പ്രകാരം 2020–21 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തികളും സ്ഥാപനങ്ങളും ബോണ്ടുകള്‍ വഴി നല്‍കിയ സംഭാവനയുടെ 75 ശതമാനവും ലഭിച്ചത് ബിജെപിക്കാണ്. 

Eng­lish Summary:Electoral Bond Scheme: Cen­ter with amendment
You may also like this video

Exit mobile version