Site iconSite icon Janayugom Online

ഇലക്ടറല്‍ ബോണ്ട് സുപ്രീം കോടതി വിധി ഇന്ന്

EBEB

ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ടിന്റ നിയമസാധുത സംബന്ധിച്ച് സുപ്രീം കോടതി ഇന്ന് വിധി പറയും. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ഉള്‍പ്പെടെ സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്.
വിചാരണ പൂര്‍ത്തിയാക്കിയ കേസ് വിധി പറയുന്നതിനായി 2023 നവംബര്‍ രണ്ടിന് സുപ്രീം കോടതി മാറ്റിവയ്ക്കുകയായിരുന്നു.
വിധിക്കായി മാറ്റിവയ്ക്കുന്ന ഘട്ടത്തില്‍ 2023 സെപ്റ്റംബര്‍ വരെ ബോണ്ടുകള്‍ വില്പന നടത്തിയതിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

പ്രോമിസറി നോട്ടിന്റെയോ ബെയറർ ബോണ്ടിന്റെയോ സ്വഭാവത്തിലുള്ള ഒന്നാണ് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍. ഇന്ത്യൻ പൗരനായ വ്യക്തി അല്ലെങ്കിൽ സംഘടനയ്ക്ക് ഇത് നിശ്ചിത കാലയളവില്‍ ബാങ്കുകളില്‍ നിന്ന് വാങ്ങാന്‍ സാധിക്കും. ഇതിന്റെ മൂല്യമുള്ള തുക ഏത് പാര്‍ട്ടിക്കാണോ ഉദ്ദേശിക്കുന്നത് അവര്‍ക്ക് ലഭിക്കുന്ന വിധത്തിലാണ് ഇതിന്റെ ഘടന.
2017ല്‍ മണി ബില്ലായാണ് കേന്ദ്ര സര്‍ക്കാര്‍ ഇലക്ടറൽ ബോണ്ട് സംവിധാനം അവതരിപ്പിച്ചത്. നല്‍കുന്നവരുടെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്ന വ്യവസ്ഥ ജനാധിപത്യ വിരുദ്ധവും അപകടകരവുമാണെന്ന് അക്കാലത്തുതന്നെ ആക്ഷേപമുയര്‍ന്നിരുന്നു.

Eng­lish Sum­ma­ry: Elec­toral bond Supreme Court ver­dict today

You may also like this video

Exit mobile version