Site iconSite icon Janayugom Online

ഇലക്ട്രറല്‍ ബോണ്ട്: വേദാന്ത ഗ്രൂപ്പ് അഞ്ച് വര്‍ഷത്തിനിടെ ഒഴുക്കിയത് 457 കോടി

ആഗോള ഖനന കുത്തക കമ്പനിയായ വേദാന്ത ഗ്രൂപ്പ് കഴിഞ്ഞ (2022–2023) സാമ്പത്തിക വര്‍ഷം രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ടറല്‍ ബോണ്ടിലേക്ക് നല്‍കിയത് 155 കോടി രൂപ. ബോണ്ട് വഴി ഏറ്റവും നേട്ടം ലഭിച്ചത് ബിജെപിക്കെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2021–2022 സാമ്പത്തിക വര്‍ഷം വേദാന്ത ഗ്രൂപ്പ് 123 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടിലേക്ക് ചൊരിഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടികള്‍ പണം നേരിട്ട് സ്വീകരിക്കുന്ന രീതി ഒഴിവാക്കാന്‍ 2018 ലാണ് രാജ്യത്ത് ഇലക്ടറല്‍ ബോണ്ട് സംവിധാനം കൊണ്ടുവന്നത്. ഓരോ തെരഞ്ഞെടുപ്പുകള്‍ക്കും മുന്നോടിയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴിയാണ് വില്പന. 2018 മുതല്‍ 2022 വരെയുള്ള നാലുവര്‍ഷത്തിനിടെ ബോണ്ട് വഴി കോടീശ്വര പദവി കൈവന്നത് ഭരണകക്ഷിയായ ബിജെപിക്കാണ്. 5270 കോടി രൂപ ഇതിനോടകം ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. തൊട്ടു പുറകില്‍ കോണ്‍ഗ്രസിന് 964 കോടിയും, തൃണമൂല്‍ കോണ്‍ഗ്രസിന് 767 കോടി രൂപയും ലഭിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വേദാന്ത കമ്പനിയുടെ 2023 ലെ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയ തുകയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വേദാന്ത കമ്പനിയുടെ മാതൃ കമ്പനിയായ വേദാന്ത റിസോഴ്സ് ലിമിറ്റഡ് ലണ്ടന്‍ സാമ്പത്തിക തകര്‍ച്ച നേരിട്ട അവസ്ഥയില്‍ പോലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രത്യേകിച്ച് ബിജെപിക്ക് വാരിക്കോരി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ നിരവധി ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണനയില്‍ ഇരിക്കുമ്പോഴാണ് കുത്തക കമ്പനികള്‍ ഭരണകക്ഷികള്‍ക്കും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബോണ്ടിന്റെ മറവില്‍ പണം കൈമാറുന്നത്. ഇലക്ടറല്‍ ബോണ്ട് സംവിധാനം അഴിമതിക്കുള്ള മറയാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പറയുന്നു. ഇത് സംബന്ധിച്ച് എഡിആര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയിലുണ്ട്.

eng­lish sum­ma­ry; Elec­toral bond: Vedan­ta Group dis­bursed Rs 457 crore over five years

you may also like this video;

Exit mobile version