Site iconSite icon Janayugom Online

ഇലക്ടറൽ ബോണ്ടുകൾ ജനാധിപത്യത്തിന് ഭീഷണി

ഇന്ത്യയില്‍ രാഷ്ട്രീയ പാർട്ടികളുടെ സമ്പത്ത് കുതിച്ചുയരുകയാണ്. സംസ്ഥാന‑പൊതു തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പാർട്ടികൾക്ക് രഹസ്യ സംഭാവനകൾ കുന്നുകൂടുന്നത് രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ ദോഷകകരമായി ബാധിക്കും. സംഭാവന നല്‍കുന്നവരുടെ അജ്ഞാതത്വം സംരക്ഷിക്കുന്നതാണ് ഈ സമ്പ്രദായത്തിന്റെ സവിശേഷത. ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഫ്രാൻസിന് വാണിജ്യഭീമന്‍മാരുടെ രാഷ്ട്രീയ സംഭാവനകൾ നിരോധിക്കാൻ കഴിയുമെങ്കിൽ, നമ്മുടെ രാഷ്ട്രീയ പാർട്ടികൾ അജ്ഞാത കുത്തകകളില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ട് കെെപ്പറ്റുന്നതെന്തിനാണ്. ലോക്‌സഭയിൽ ധനകാര്യ ബില്ലായി സർക്കാർ 2018ൽ അവതരിപ്പിച്ച ഇലക്ടറൽ ബോണ്ടുകൾ വഴി പാർട്ടികൾക്ക് വന്‍ തുകകൾ അജ്ഞാതമായി സംഭാവന ചെയ്യാൻ കോർപറേറ്റുകള്‍ക്ക് അനുവാദമുണ്ട്. ഇന്ത്യയിലുള്ള ഒരു വ്യക്തിക്കോ കമ്പനിക്കോ സ്ഥാപനത്തിനോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ശാഖകളിൽ നിന്ന് ഈ ബോണ്ടുകൾ വാങ്ങാം. അത്തരം അജ്ഞാത രാഷ്ട്രീയ സംഭാവനകളില്‍ ഒരു ‘ക്വിഡ് പ്രോ ക്വോ’ (പരസ്പരാശ്രിതത്വ) ഘടകം അടങ്ങിയിട്ടുണ്ടെന്നു കരുതുന്നതിൽ തെറ്റില്ല. ജനാധിപത്യത്തിന്റെ അന്തഃസത്ത അതിന്റെ ജനാധിഷ്ഠിത സ്വഭാവമാണ്. ദൗർഭാഗ്യവശാൽ, ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ ഉറവിടങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ഇരുട്ടിൽ നിർത്തുന്നു. രാഷ്ട്രീയ സംഭാവനകൾ സുതാര്യമാക്കാൻ നിലവിലുള്ള നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്. ലോകത്തിലെ പ്രധാന ജനാധിപത്യ രാജ്യങ്ങളിലെല്ലാം രാഷ്ട്രീയത്തിലെ സാമ്പത്തിക സുതാര്യതയ്ക്ക് നിയമങ്ങളുണ്ട്.

എന്നാല്‍ ബഹുസ്വര രാഷ്ട്രീയ സംവിധാനം പിന്തുടരുന്ന ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ വ്യത്യസ്തമാകുന്നു. ഇവിടെ പാർട്ടികൾ തങ്ങളുടെ തെരഞ്ഞെടുപ്പ് ചെലവിന്റെ സാമ്പത്തികസ്രോതസുകള്‍ വെളിപ്പെടുത്താൻ മടിക്കുന്നു. തെരഞ്ഞെടുപ്പിനായി അജ്ഞാത ഫണ്ട് ശേഖരിക്കുന്നത് ജനാധിപത്യ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്ന് കരുതുന്ന ചുരുക്കം ചിലരുണ്ടാകാം. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടികളുടെയും അവരുടെ സ്ഥാനാർത്ഥികളുടെയും യഥാർത്ഥ ചെലവുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിക്കുന്ന പരിധിയെക്കാൾ വളരെ കൂടുതലാണെന്നും പൊതുവേ എല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയ ജീവിതത്തിലെ സാമ്പത്തിക സുതാര്യത എന്ന ആശയത്തെ പരിഹസിച്ചുകൊണ്ട് തെരഞ്ഞെടുപ്പുകളിൽ പണം രാജാവായി മാറുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യത്തിന്റെ ധാർമ്മികതയെ അത് വെല്ലുവിളിക്കുന്നു. ഇലക്ടറൽ ബോണ്ട് സംവിധാനം രാഷ്ട്രീയ പാർട്ടികളുടെ ബിസിനസ് ഫണ്ടിങ് വൻതോതിലാണ് വർധിപ്പിച്ചത്. സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരത്തിലുള്ളവർക്കാണ് വലിയ തുക സംഭാവന ലഭിക്കുക എന്നതിന്റെ ഉദാഹരണമാണ് ബിജെപി. കേന്ദ്രവും വിവിധ സംസ്ഥാനങ്ങളിലും ഭരണമുള്ള അവര്‍ക്കാണ് 2019–20ൽ ഇലക്ടറൽ ബോണ്ടുകളുടെ മുക്കാല്‍ ഭാഗവും ലഭിച്ചത്. ആ വര്‍ഷത്തെ ആകെ ബോണ്ടുകളുടെ മൂല്യം 3,355 കോടി രൂപ. തെരഞ്ഞെടുപ്പ് കമ്മിഷൻ കണക്കുകളനുസരിച്ച് കോൺഗ്രസിന് ആകെ ലഭിച്ചത് കേവലം ഒമ്പത് ശതമാനം ബോണ്ടുകൾ മാത്രമാണ്.


ഇതകൂടി വായിക്കൂ: ബിജെപിയെ തോല്പിക്കുക,രാജ്യത്തെ രക്ഷിക്കുക


മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) വരുമാനത്തിന്റെ 96 ശതമാനവും 2021–22ൽ ഇലക്ടറൽ ബോണ്ടുകളിൽ നിന്നാണെന്ന് അവരുടെതന്നെ വാർഷിക റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പാര്‍ട്ടിയുടെ മൊത്തം വരുമാനമായ 545.74 കോടിയില്‍ 528.14 കോടിയും ഇലക്ടറൽ ബോണ്ടുകളിൽ നിന്നാണ് ലഭിച്ചത്. 14.36 കോടി മാത്രമാണ് പാർട്ടി അംഗങ്ങളിൽ നിന്നും മറ്റുമായി ശേഖരിച്ചത്. ഇലക്ടറൽ ബോണ്ടുകളുടെ സാധുത സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. പദ്ധതിയുടെ സുതാര്യതയില്ലായ്മ സുപ്രീം കോടതി പ്രഥമദൃഷ്ട്യാ മനസിലാക്കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്, ഈ സംവിധാനം ഒരു ‘ഇൻഫർമേഷൻ ബ്ലാക്ക് ഹോൾ’ സൃഷ്ടിച്ചുവെന്നാണ് വിലയിരുത്തിയത്. ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ പ്രധാനപ്രശ്നം ദാതാവിന്റെയും സ്വീകര്‍ത്താവായ പാര്‍ട്ടിയുടെയും രഹസ്യസ്വഭാവമാണെന്ന് ബെഞ്ച് വ്യക്തമാക്കി. ‘മറ്റൊരു പ്രശ്നം, ഇലക്ടറൽ ബോണ്ട് വാങ്ങുന്നയാളായിരിക്കണമെന്നില്ല ദാതാവ് എന്നതാണ്. ഒരു കോർപറേറ്റ് വലിയ തുകയുടെ ബോണ്ട് വാങ്ങിയാല്‍, കൂടുതല്‍ വിലയ്ക്ക് മറ്റുള്ളവര്‍ക്ക് കെെമാറാം. രണ്ടാമന്‍ അത് പാര്‍ട്ടികള്‍ക്ക് നല്‍കിയാന്‍ വാങ്ങിയ ആളാകില്ല ദാതാവ്. ഇത് കള്ളപ്പണത്തിന്റെ സാധ്യത തള്ളിക്കളയുന്നില്ല’ എന്ന് ബെഞ്ച് നിരീക്ഷിച്ചു. നിലവിലെ രൂപത്തിൽ, കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക നയങ്ങളിൽ ശക്തമായി പിടിമുറുക്കുന്നതിന് രാജ്യത്തെ കുത്തകകള്‍ ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ചേക്കുമെന്ന് ഭയപ്പെടുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ദാരിദ്ര്യനിര്‍മ്മാര്‍ജന സംരംഭങ്ങൾക്കുള്ള തുകകൾ നാമമാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. സൗജന്യ റേഷൻ പോലുള്ളവയും അതേ അവസ്ഥയിലാണ്. രാഷ്ട്രീയ പാർട്ടികളും വന്‍കിടമുതലാളിമാരും തങ്ങളുടെ നേട്ടത്തിനായി വ്യവസ്ഥയെ രൂപപ്പെടുത്താനും സംരക്ഷിക്കാനും പരസ്പരസഹകരണത്തോടെ കൃത്രിമം കാണിക്കുന്നത് തുടരുകയാണ്. ഓക്‌സ്‌ഫാം റിപ്പോർട്ടനുസരിച്ച്, 2021ൽ രാജ്യത്തെ മൊത്തം സമ്പത്തിന്റെ 40.5 ശതമാനത്തിലധികം കൈവശം വച്ചിരിക്കുന്നത് ഏറ്റവും ഉയർന്നതട്ടിലുള്ള ഒരു ശതമാനമാണ്.

ഇത് രാജ്യത്തെ സമ്പത്ത് വിതരണത്തിലെ വലിയ അസമത്വം എടുത്തുകാണിക്കുന്നു. 2012 നും 2021 നും ഇടയിൽ രാജ്യത്ത് സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 40 ശതമാനത്തിലധികം ജനസംഖ്യയുടെ ഒരു ശതമാനത്തിലേക്ക് പോയപ്പോൾ മൂന്ന് ശതമാനം മാത്രമാണ് 50 ശതമാനത്തിലേക്കെത്തിയതെന്ന് റിപ്പോർട്ട് പറയുന്നു. ജനാധിപത്യവും രാഷ്ട്രീയഘടനയും സമ്പന്നർക്ക് അനുകൂലമായി തുടരുകയും ഭരണകക്ഷി, കുത്തകകളെയും അവരുടെ അനുയായികളെയും പണം സ്വരൂപിക്കാൻ സഹായിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ നേതാക്കളുടെയും അവരുടെ സഹായികളുടെയും സ്വത്തുക്കളിന്‍മേല്‍ നടന്നുകൊണ്ടിരിക്കുന്ന സിബിഐ, ഇഡി റെയ്ഡുകൾ, സാമ്പത്തിക അഴിമതിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന തെറ്റായ ജനാധിപത്യ സംവിധാനത്തിന്റെ നേർക്കാഴ്ചയാണ്. ജനാധിപത്യ സംവിധാനത്തിന്റെ ശരിയായ പ്രവർത്തനത്തിന് തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിലെ സുതാര്യത പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്നും ഇത് വിശദീകരിക്കുന്നു. ഇലക്ടറൽ ബോണ്ടുകൾ ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണ്. ഫ്രാൻസിൽ, 2011, 2013, 2015, 2016 വർഷങ്ങളിൽ ഭേദഗതി വരുത്തിയ 1988ലെ രാഷ്ട്രീയത്തിലെ സാമ്പത്തിക സുതാര്യത സംബന്ധിച്ച നിയമവും ഇലക്ടറൽ കോഡും രാഷ്ട്രീയ പാർട്ടികളുടെ ധനസഹായം നിയന്ത്രിക്കുന്നു. പാർട്ടികളുടെ വരുമാനത്തിന് സമഗ്രമായ പരിധി നൽകുന്നു. കോർപറേറ്റുകൾ, വിദേശ സ്ഥാപനങ്ങൾ, അജ്ഞാതരായ ദാതാക്കൾ എന്നിവരിൽ നിന്നുള്ള സംഭാവനകൾ നിയമം നിരോധിക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും എത്ര തുക സ്വീകരിക്കാമെന്നതിനും പരിധിയുണ്ട്.


ഇതകൂടി വായിക്കൂ:ഒരുമിക്കും ഭാരതം വിജയിക്കും ഇന്ത്യ


ജർമ്മനിയിൽ, രാഷ്ട്രീയ പാർട്ടികൾക്കുള്ള കോർപറേറ്റ് സംഭാവനകൾ തന്നെ നിരോധിച്ചിരിക്കുന്നു. വാർവിക്ക് സർവകലാശാല നടത്തിയ പഠനമനുസരിച്ച്, കഴിഞ്ഞ 20 വർഷത്തിനിടെ യുകെയിലെ രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾ ഏതാണ്ട് മൂന്നിരട്ടിയായി വർധിച്ചു. 2001ലെ 41 ദശലക്ഷം പൗണ്ടിൽ നിന്ന് 2019ൽ 101 ദശലക്ഷമായി ഉയർന്നു. വ്യക്തിഗത സംഭാവനകളും ഗണ്യമായി വര്‍ധിച്ചു. 2019ലെ സംഭാവനയുടെ 60 ശതമാനവും സ്വകാര്യ വ്യക്തികളിൽ നിന്നായിരുന്നു. യുഎസിലെ ഫെഡറൽ ഇലക്ഷൻ കമ്മിഷൻ, ഫെഡറല്‍ രജിസ്ട്രേഷനുള്ള രാഷ്ട്രീയ കമ്മിറ്റികള്‍ക്ക് സംഭാവന നൽകിയ വ്യക്തികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. വികസിത ജനാധിപത്യ രാജ്യങ്ങൾ രാഷ്ട്രീയ ജീവിതത്തിലെ സാമ്പത്തിക സുതാര്യതയെക്കുറിച്ച് ഇത്രയും ആശങ്കാകുലരാണെങ്കിൽ, ഇന്ത്യ ഇക്കാര്യത്തിൽ വിട്ടുനിൽക്കേണ്ടതുണ്ടോ? രാജ്യത്തെ പാര്‍ട്ടികള്‍ക്കുള്ള രഹസ്യ സംഭാവനകൾ ചങ്ങാത്ത മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും, അവരെ അധികാരത്തിലെത്തിക്കുന്ന പാവപ്പെട്ടവരുടെ ചെലവിൽ കുത്തകമുതലാളിമാരും ഭരണാധികാരികളും തമ്മിൽ പരസ്പരം പ്രയോജനകരമായ ബന്ധം വളർത്തിയെടുക്കുകയും ചെയ്യുന്നു. (അവലംബം: ഐപിഎ)

Exit mobile version