Site icon Janayugom Online

ജനുവരിയില്‍ വിറ്റത് 1,213 കോടിയുടെ ഇലക്ടറല്‍ ബോണ്ടുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജനുവരിയില്‍ വിറ്റത് 1,213 കോടി വിലമതിക്കുന്ന ഇലക്ടറല്‍ ബോണ്ടുകള്‍. ഇവയില്‍ ഭൂരിഭാഗവും (784.84 കോടി) പണമാക്കിയത് ന്യൂഡല്‍ഹി ബ്രാഞ്ചിലാണ്. എന്നാല്‍ 117.12 കോടി രൂപയുടെ ബോണ്ടുകള്‍ മാത്രമാണ് ഈ ബ്രാഞ്ച് വഴി വിറ്റിരിക്കുന്നത്. ഏറ്റവും കൂടുതല്‍ തുകയുടെ ബോണ്ടുകള്‍ വിറ്റത് മുംബൈ ബ്രാഞ്ചിലാണെന്നും (489.6 കോടി) വിവരാവകാശ പ്രവര്‍ത്തകനായ കനയ്യ കുമാറിന് ലഭിച്ച മറുപടിയില്‍ വ്യക്തമാകുന്നു. രാജ്യത്തെ അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ട് വഴിയുള്ള സംഭാവനകളുടെ വിവരങ്ങള്‍ പുറത്തുവന്നത്.

2018ല്‍ പദ്ധതി ആരംഭിച്ചതിനുശേഷം, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബോണ്ടുകള്‍ വിറ്റഴിച്ചതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി വിറ്റഴിച്ചതിന്റെ ഇരട്ടിയോളമാണ് ഇത്തവണ വിറ്റിരിക്കുന്നത്. ചെന്നൈയില്‍ 227 കോടി, കൊല്‍ക്കത്തയില്‍ 154 കോടി, ഹൈദരാബാദില്‍ 126 കോടി എന്നിങ്ങനെയാണ് ബോണ്ടുകളുടെ വില്പന നടന്നിരിക്കുന്നത്. ന്യൂഡല്‍ഹി ബ്രാഞ്ച് കഴിഞ്ഞാല്‍, കൊല്‍ക്കത്തയിലും (224 കോടി), ചെന്നൈയിലു(100 കോടി)മാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ബോണ്ടുകള്‍ വഴി ലഭിച്ച തുകകള്‍ കൂടുതല്‍ പിന്‍വലിച്ചിരിക്കുന്നത്. ലഖ്നൗവില്‍ 3.21 കോടിയുടെയും ഗോവയില്‍ 90 ലക്ഷത്തിന്റെയും ചണ്ഡീഗഢില്‍ 50 ലക്ഷത്തിന്റെയും ബോണ്ടുകള്‍ പണമാക്കി മാറ്റി.

eng­lish summary;Electoral bonds worth Rs 1,213 crore sold in January

you may also like this video;

Exit mobile version