Site icon Janayugom Online

വീണ്ടും ഇലക്‌ട്രിക് സ്കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചു; ഗൃഹനാഥന്‍ മരിച്ചു

തെലങ്കാനയില്‍ വീണ്ടും ഇലക്‌ട്രിക് സ്കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ചുള്ള അപകടത്തില്‍ ഒരാള്‍ മരിച്ചു. വിജയവാഡയിലാണ് സംഭവം. ഇലക്‌ട്രിക് സ്കൂട്ടര്‍ ബാറ്ററി കിടപ്പുമുറിയില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുലാബി തോട്ട സ്വദേശിയായ ശിവകുമാറാണ് മരിച്ചത്.

അപകടത്തില്‍ ശിവകുമാറിന്റെ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ മറ്റ് ഭാഗങ്ങളിലും തീപടര്‍ന്നു. അയല്‍വാസികള്‍ ഓടിയെത്തി നാലുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശിവകുമാറിനെ രക്ഷിക്കാനായില്ല. ഗുരുതരമായി പൊള്ളലേറ്റ ശിവകുമാറിന്റെ ഭാര്യയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ചയാണ് ശിവകുമാര്‍ ഇലക്‌ട്രിക് സ്കൂട്ടര്‍ വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഏതു കമ്പനിയുടേതാണ് സ്കൂട്ടര്‍ എന്ന കാര്യം വ്യക്തമായിട്ടില്ല. ഒരാഴ്ചയ്ക്കിടെ തെലങ്കാനയില്‍ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ അപകടമാണിത്. നിസാമാബാദ് ജില്ലയില്‍ കഴിഞ്ഞദിവസം പ്യുവര്‍ ഇലക്‌ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച്‌ 80 വയസുള്ള ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയായത് ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മൂന്ന് പ്യുവര്‍ ഇവി സ്കൂട്ടറുകള്‍ക്കും മറ്റ് നിര്‍മ്മാതാക്കളുടെ ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും കഴിഞ്ഞ മാസങ്ങളില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Eng­lish summary;Electric scoot­er bat­tery explodes again

you may also like this video;

Exit mobile version