ലോഹതോട്ടി ഉപയോഗിക്കുമ്പോള്‍ വൈദ്യുതാഘാതമേറ്റ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 250 അപകടങ്ങളിലായി 132 പേര്‍ മരണമടഞ്ഞതായി കണക്കുകള്‍. സമീപകാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുണ്ടായ അപകടങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ്/ അലുമിനിയം തോട്ടി ഉപയോഗിക്കുമ്പോഴാണെന്നാണ് കെഎസ്ഇബിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞവര്‍ഷം മാത്രം 41 പേർക്കാണ് ലോഹ തോട്ടിയുപയോഗിക്കുമ്പോൾ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റത്. അതിൽ 21 പേരും തൽക്ഷണം മരണമടഞ്ഞു. 20 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഈ വര്‍ഷം ഏഴ് പേര്‍ക്ക് മരണം സംഭവിക്കുകയും രണ്ട് പേർക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. അപകടങ്ങളിലേറെയും സംഭവിച്ചത് വൈദ്യുതി ലൈനിനു സമീപത്തെ പ്ലാവിൽ നിന്നോ മാവിൽ നിന്നോ ഫലം ശേഖരിക്കുമ്പോഴാണ്.
തോട്ടിയായി രൂപാന്തരം പ്രാപിച്ച പഴയ ദൂരദർശൻ ആന്റിന പൈപ്പും അരയിഞ്ച് ജി ഐ പൈപ്പിലുമെല്ലാം വഴിയാണ് മിക്കവര്‍ക്കും ഷോക്കേല്‍ക്കുന്നത് . ആവശ്യാനുസരണം നീളം ക്രമീകരിക്കാവുന്ന അലുമിനിയം തോട്ടികളും ഇപ്പോൾ അഗ്രി ഹാർഡ്‌വെയർ ഷോപ്പുകളിൽ സുലഭമാണ്. ലോഹനിർമ്മിത തോട്ടികളും കോണികളും ഉപയോഗിക്കുമ്പോൾ സമീപത്തെങ്ങും വൈദ്യുതി ലൈനില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
English summary;Electric shock when using a metal stick; 132 deaths in five years
You may also like this video;