Site iconSite icon Janayugom Online

രാജ്യമൊട്ടാകെ വെെദ്യുതി നിരക്ക് ഉയരും

ഇന്ത്യയൊട്ടാകെ വെെദ്യുതിനിരക്ക് കുത്തനെ ഉയരും. സ്വകാര്യ വെെദ്യുതോല്പാദനഭീമന്മാര്‍ക്ക് നല്കാനുള്ള കറണ്ടു വിലയായ 1.6 ലക്ഷം കോടി രൂപ നാല് വര്‍ഷത്തിനുള്ളില്‍ അടച്ചുതീര്‍ക്കണമെന്ന സുപ്രീം കോടതി വിധിയാണ് ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയാകുന്നത്. ടാറ്റാ പവര്‍, റിലയന്‍സ് ബിഎസ്എസ്ഇ, അഡാനി എനര്‍ജി എന്നീ വമ്പര്‍ വെെദ്യുതോല്പാദന കമ്പനികളാണ് കുടിശിക പിരിഞ്ഞുകിട്ടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ഗാര്‍ഹിക, വാണിജ്യ, വ്യാവസായിക നിരക്കുകളില്‍ 90 പെെസ മുതല്‍ നാല് രൂപ വരെയാകും വര്‍ധനവ്.

സംസ്ഥാന വെെദ്യുതി റെഗുലേറ്ററി കമ്മിഷനുകള്‍, നിരക്കുകള്‍ നിരന്തരം വര്‍ധിപ്പിക്കാന്‍ സംസ്ഥാന ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കുകയും എന്നാല്‍ പുറത്തുനിന്നും കറണ്ട് വാങ്ങുന്ന തുക തിരിച്ചടപ്പിക്കാതിരിക്കുകയും ചെയ്യുന്നതിനാലാണ് ഇത്തരമൊരു പ്രതിസന്ധിക്ക് വളം വച്ചതെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട് 87,000, ഡല്‍ഹി 20,000, കേരളം 6,600 കോടി രൂപയാണ് കുടിശികയുള്ളത്. ഉല്പാദന കമ്പനികള്‍ക്കുള്ള കുടിശിക 6,600 കോടി നാല് വര്‍ഷംകൊണ്ട് പൂര്‍ണമായി തിരിച്ചടയ്ക്കണമെന്ന കോടതി ഉത്തരവ് സംസ്ഥാന വെെദ്യുതിബോര്‍ഡിനെ വല്ലാത്ത കടക്കെണിയില്‍ കൊണ്ടെത്തിക്കും. പ്രതിസന്ധി ഒഴിവാക്കാനുള്ള ചില നിര്‍ണായക നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവച്ചിട്ടുണ്ട്. ഉല്പാദനച്ചെലവിന് അനുരോധമായി വെെദ്യുതി നിരക്ക് വര്‍ധിപ്പിക്കാമെന്നാണ് കോടതിയുടെ നിര്‍ദേശം.

ഉപഭോക്താക്കളില്‍ നിന്നും കറണ്ട്ചാര്‍ജ് പിരിച്ചെടുത്തശേഷം ഉല്പാദന കമ്പനികള്‍ക്കു നല്‍കാതെ കടം വരുത്തിവച്ചിട്ട് ഈ ഭാരം ഉപഭോക്താവിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള വ്യാപക പ്രതിഷേധത്തിനിടയാക്കുമെന്നുറപ്പാണ്. സുപ്രീം കോടതി വിധിയെക്കുറിച്ച് പഠിച്ചുവരികയാണെന്നും സര്‍ക്കാര്‍ സബ്സിഡി അനുവദിച്ചാല്‍ നിരക്കുവര്‍ധന ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നത്. 

Exit mobile version