Site iconSite icon Janayugom Online

വൈദ്യുതി ജീവനക്കാര്‍ ഫെബ്രുവരി 20ന് പണിമുടക്കും

വൈദ്യുതി മേഖലയിലെ ജീവനക്കാരുടെ സംയുക്ത സമിതിയായ നാഷണല്‍ കോ-ഓര്‍ഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എൻജിനീയേഴ്സി (എൻസിസിഒഇഇഇ)ന്റെ നേതൃത്വത്തില്‍ വൈദ്യുതി ഭവനിലേക്ക് തൊഴിലാളികളും ഓഫിസര്‍മാരും മാര്‍ച്ച് നടത്തി. ഊര്‍ജ സെക്രട്ടറിയുടെ ഏകപക്ഷീയ ഉത്തരവുകള്‍ പിൻവലിക്കുക, മാസ്റ്റര്‍ ട്രസ്റ്റ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തുക, ശമ്പള പരിഷ്കരണ കരാറുകള്‍ക്ക് അംഗീകാരം നല്‍കുക, വൈദ്യുതി ജീവനക്കാരുടെ വേതനം മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടേതുമായി ഏകീകരിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക, ക്ഷാമബത്താ ഗഡുക്കള്‍ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, ആരോഗ്യ ചികിത്സാ പദ്ധതി നടപ്പിലാക്കുക, പെറ്റി കോണ്‍ട്രാക്റ്റ് ബില്ലുകള്‍ കാലതാമസമില്ലാതെ പാസാക്കി പണം നല്‍കുക, കെഎസ്ഇബിയിലെ കണ്‍സള്‍ട്ടൻസി രാജ് അവസാനിപ്പിക്കുക, ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ നിയമനങ്ങള്‍ അടിയന്തരമായി നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. 

വെെദ്യുതി മേഖലയിലെ ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും പെൻഷൻകാരുടെയും കരാര്‍ തൊഴിലാളികളുടെയും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനായി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 20ന് പണിമുടക്കുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രൻ അധ്യക്ഷനായി. പുതിയ ആനുകൂല്യങ്ങളല്ല ആവശ്യപ്പെടുന്നതെന്നും നിലവിലുള്ള ആനുകൂല്യങ്ങള്‍ സംരക്ഷിക്കാനാണ് തൊഴിലാളികള്‍ പോരാടുന്നതെന്നും കെ പി രാജേന്ദ്രന്‍ പറ‍ഞ്ഞു. ആവശ്യങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ നിരാശരായി നോക്കിനില്‍ക്കുന്നവരല്ല തൊഴിലാളികളെന്നും ഒന്നിച്ച് നിന്ന് സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഐഎൻടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി വി ജെ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. എസ്‌ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി മാഹിൻ അബൂബക്കര്‍, എൻസിസിഒഇഇഇ കേരള ഘടകം ചെയര്‍മാൻ എം പി ഗോപകുമാര്‍, നെയ്യാറ്റിൻകര പ്രദീപ്, ശശിധരൻ, ജയപ്രകാശൻ, എം ജി സുരേഷ് എന്നിവര്‍ സംസാരിച്ചു. 

Exit mobile version