വ്യവസായവകുപ്പിനു കീഴിലുള്ള 41 പൊതുമേഖലാ സ്ഥാപനത്തെ ലാഭത്തിലാക്കാൻ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ പ്രോജക്ട് മാനേജ്‌മെന്റ് സംവിധാനം ഏർപ്പെടുത്തും. റിയാബിനാണ് മേൽനോട്ടച്ചുമതല. ഇതിനായി റിയാബിനെ പുനക്രമീകരിക്കും.
സ്ഥാപനങ്ങൾ ലാഭകരമാക്കുക, മത്സരക്ഷമമാക്കുക എന്നീ ലക്ഷ്യങ്ങളോടെ 41 സ്ഥാപനത്തെ ഏഴു വിഭാഗമായി തിരിച്ചാണ് പ്ലാൻ തയ്യാറാക്കിയതെന്ന് വ്യവസായമന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് നടപ്പാകുന്നതോടെ സ്ഥാപനങ്ങളുടെ ആകെ വാർഷിക വിറ്റുവരവ് 3300 കോടിയിൽനിന്ന് 17,538 കോടിയായി വർധിക്കും. 5500 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും.
പ്രോജക്ട് മാനേജ്‌മെന്റ് സംവിധാനത്തിൽ ഏഴു സംഘം ഉണ്ടാകും. ഇവർ ഓരോ സ്ഥാപനത്തിന്റെയും മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ സഹായിക്കും. ഏഴു സംഘത്തിന്റെയും മേൽനോട്ടത്തിനും ഏകോപനത്തിനുമായി കെഎംഎംഎൽ മുൻ എംഡി റോയി കുര്യനെ ചുമതലപ്പെടുത്തി. കൊച്ചി കേന്ദ്രീകരിച്ചാകും പ്രവർത്തനം. ഹ്രസ്വകാലം, ഇടക്കാലം, ദീർഘകാലം എന്നിങ്ങനെ തിരിച്ചാണ് പദ്ധതികൾ. ആകെ 405 പദ്ധതി നടപ്പാക്കും.
ആറു മാസത്തിനുള്ളിൽ ഹ്രസ്വകാല പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കും. മൂന്നു ഘട്ടത്തിലായി 9467.35 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്ഥാപനങ്ങളുടെ കരുതൽ ധനം, ബാങ്ക് വായ്‌പ, സർക്കാർ സഹായം എന്നിവയിലൂടെ പണം കണ്ടെത്തും. മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വയംഭരണാധികാരം നൽകും.
ഇതിന് രൂപരേഖ തയ്യാറാക്കാൻ മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതി രൂപീകരിച്ചു. പ്രസാദ് പണിക്കർ, ഹരികുമാർ എന്നിവരാണ് അംഗങ്ങൾ. കെൽട്രോൺ കേന്ദ്രീകരിച്ച് സംസ്ഥാനത്ത് ഇലക്‌ട്രോണിക് ഹബ്ബ് തുടങ്ങും. സംസ്ഥാനത്ത് ഇലക്‌ട്രിക് വെഹിക്കിൾ സോൺ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
English Summary: Electronic hub and electric vehicle zone in the state: P Rajeev
You may also like this video: