Site iconSite icon Janayugom Online

ഇവിആർബി ടെക്നോളജി, യുവ മലയാളിക്ക് പേറ്റന്റ്

ഇരുചക്രവാഹന  യാത്രികർക്ക് സഹായകരമായ ഇവിആർബി ടെക്നോളജി (ഇലക്ട്രോണിക്  വേരിയബിൾ  റൈസ് ബാർ ) കണ്ടുപിടുത്തത്തിലൂടെ യുവ മലയാളി മെക്കാനിക്കൽ എൻജിനീയർക്ക്  പേറ്റന്റ്. ഇരുചക്ര വാഹനത്തിൽ  സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് അനുയോജ്യമല്ലാത്ത റൈഡിങ് ആംഗിൾ ഇരുപ്പിനെ  ബാധിക്കുകയും നടുവേദനയ്ക്ക് കാരണമാകുകയും ചെയ്യും. ഇതിനൊരു പരിഹാരമായി ഇരുചക്ര വാഹനത്തിന്റെ  ഹാന്ഡിലിനും ഫോർക്കിനുമിടയിൽ ഘടിപ്പിക്കാവുന്ന  ഇവിആർബി  സിസ്റ്റം  വാഹനം ഓടിക്കുമ്പോൾ തന്നെ  സ്വിച്ച് ഉപയോഗിച്ച് ഹാന്റിലിന്റെ  ഉയരത്തെ  വേണ്ടരീതിയിൽ ക്രമീകരിച്ചുകൊണ്ട് യോജിച്ച  റൈഡിങ് ആംഗിൾ കൈവരിക്കാൻ സഹായിക്കുന്ന കണ്ടുപിടുത്തത്തിലൂടെയാണ്   എറണാകുളം തൃക്കാക്കര കൊല്ലംകുടിമുകൾ സ്വദേശി ഹിസാം  ഇ കെ  ചരിത്രത്തിൽ ഇടം പിടിച്ചിട്ടുള്ളത്. ഓരോ ഇരുചക്ര വാഹനത്തിലും സീറ്റും ഹാൻഡിലും തമ്മിലുള്ള ഉയരവും അകലവുമാണ് റൈഡിങ് ആംഗിൾ നിശ്ചയിക്കുന്നത്. വ്യത്യസ്ത വാഹനങ്ങളും യാത്രികരുടെ ഉയരവും ഇരുപ്പും
അനുസരിച്ചു നോക്കുമ്പോൾ   റൈഡിങ് ആംഗിളും വ്യത്യസ്തമായിരിക്കും.

അനുയോജ്യമല്ലാത്ത റൈഡിങ് ആംഗിൾ ഇരുപ്പിനെ  ബാധിക്കുകയും നടുവേദനയ്ക്ക് കാരണമാകുകയും ചെയ്യുമെന്ന് ഹിസാം  പറഞ്ഞു. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഒരു വർഷത്തെ പ്രയത്നത്തിലൂടെ ഇത്തരമൊരു കണ്ടുപിടുത്തത്തിലേക്ക് തന്നെ നയിച്ചതെന്നും മുപ്പതുകാരനായ അദ്ദേഹം പറഞ്ഞു.ഭിന്നശേഷിക്കാർക്കും  സ്ത്രീകൾക്കും ഏറെ ഉപകാരപ്രദമാകും ഈ നൂതന കണ്ടുപിടിത്തം. സ്വിച്ചിനു പകരം വോയിസ് അസിസ്റ്റും ആംഗ്യഭാഷ കണ്ട്രോളും  ഇവിആർബിയിൽ ഉൾപെടുത്താനാകും. മോട്ടോറിന്റെയും ഗിയറിന്റെയും സഹായത്തിലാണ് ഇതിന്റെ പ്രവർത്തനം  .5000 രൂപ ചിലവിൽ ഏതൊരു ഇരുചക്രവാഹനത്തിലും ഇത് ഘടിപ്പിക്കാനാകുമെന്നാണ്  പ്രതീക്ഷ. ഉത്പാദനത്തെ കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ല, ഏതെങ്കിലും കമ്പനികൾ സമീപിച്ചാൽ വ്യവസ്ഥകൾക്ക് വിധേയമായി ഇതേക്കുറിച്ച് ആലോചിക്കുമെന്നും ഹിസാം  വ്യക്തമാക്കി. കോളേജിൽ പഠിക്കുന്ന സന്ദർഭത്തിൽ ഒരാൾക്ക് സഞ്ചരിക്കാൻ കഴിയുന്ന ഹെലികോപ്റ്റർ നിർമ്മിക്കുന്നതിനുള്ള ഡിസൈൻ തയ്യാറാക്കിയ നാലംഗ സംഘത്തിന് നേതൃത്വം നൽകിയിരുന്നു .

വിവിധ പ്രോജക്ടുകൾക്ക് ആവശ്യമായ പിന്തുണയും നൽകിയിട്ടുണ്ട്. ചെറുപ്പകാലം മുതൽ  പിതാവ്  കുഞ്ഞുമുഹമ്മദിന്റെ   വർക്ഷോപ്പിൽ പോകുമ്പോൾ മുതൽ   ചെറിയ കണ്ടുപിടുത്തങ്ങളോടും യന്ത്രങ്ങളോടും വലിയ താല്പര്യം ഹിസാമിനുണ്ടായിരുന്നു. വീട്ടുകാരുടെ പ്രോത്സാഹനവും കൂടിയായപ്പോൾ ആ രംഗത്തുതന്നെ പഠനത്തിൽ ശ്രദ്ധിക്കുകയായിരുന്നു.  നിപ്പോൺ ഗ്രൂപ്പിന് കീഴിലെ ലെക്സോൺ ടാറ്റയിലെ ജീവനക്കാരനാണ് .തൃക്കാക്കര കാർഡിനാൾ ഹൈസ്കൂളിലെ പഠനശേഷം   പൂക്കാട്ടുപടി കെഎംഇഎ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടി . കുഞ്ഞുമുഹമ്മദിന്റെയും സൗദയുടെയും മൂന്ന് മക്കളിൽ ഇളയതാണ് ഹിസാം . ഇപ്പോൾ ഹാൻഡിൽ കൂടാതെ സീറ്റും ഫൂട്ട് റെസ്റ്ററും  ചലിപ്പിക്കാനാകുന്ന മറ്റൊരു ഡിസൈനിന്റെ പണിപ്പുരയിലാണ്. പുതിയ പുതിയ കണ്ടുപിടുത്തങ്ങളിലൂടെ സമൂഹത്തിന് കൂടുതൽ സംഭാവനകൾ നൽകണമെന്ന ചിന്തയിലാണ് ഈ ചെറുപ്പക്കാരൻ.

Eng­lish Sum­ma­ry: Elec­tron­ic vari­able rise bar
You may also like this video

Exit mobile version