Site iconSite icon Janayugom Online

കാട്ടാനയെ പ്രതിരോധിക്കാന്‍ ആനമതില്‍ പദ്ധതി സര്‍വേക്ക് തുടക്കമായി.

: കാട്ടാന ഭീതിയില്‍ കഴിയുന്ന പ്രദേശങ്ങള്‍ക്ക് സംരക്ഷണം തീര്‍ക്കുന്ന ആനമതില്‍ പദ്ധതിയുടെ സര്‍വേക്ക് തുടക്കമായി. സംസ്ഥാനത്തെ മാതൃകാ പദ്ധതിയായി അംഗീകാരം നല്‍കിയ കാറഡുക്ക ആനപ്രതിരോധ പദ്ധതി (കാപ്പ്)യുടെ ഭാഗമായാണ് സര്‍വേ ആരംഭിച്ചത്. ദേലംപാടി പഞ്ചായത്തിലെ പുലിപ്പറമ്പില്‍ നിന്നാണ് സര്‍വേക്ക് തുടക്കമായത്. കാട്ടാന ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ആദ്യവാരം തന്നെ തൂക്കുവേലി നിര്‍മ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കാട്ടാന ശല്യം നേരിടുന്ന അഞ്ച് പഞ്ചായത്തുകളിലാണ് കാട്ടാന പ്രതിരോധ പദ്ധതി നടപ്പാക്കുന്നത്. തലപ്പച്ചേരി മുതല്‍ പുലിപ്പറമ്പ് വരെയുള്ള 29 കിലോമീറ്ററില്‍ തൂക്ക് വേലിയാണ് സ്ഥാപിക്കുന്നത്. ചാമക്കൊച്ചി മുതല്‍ വെള്ളക്കാന വരെയുള്ള എട്ട് കിലോമീറ്ററിലാണ് ആദ്യഘട്ടത്തില്‍ തൂക്കുവേലി സ്ഥാപിക്കുക. നിര്‍മ്മാണത്തിനും പരിപാലനത്തിനുമായി അഞ്ച് കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായാണ് പദ്ധതി നടപ്പില്‍ വരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിരോധ മതിലുകള്‍ നിര്‍മ്മിച്ച് വൈദഗ്ധ്യമുള്ള കേരളാ പൊലീസ് ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണ ചുമതല. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നല്‍കുന്ന പദ്ധതിയിലേക്ക് ആദ്യഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും ആനശല്യം നേരിടുന്ന കാറഡുക്ക, ദേലംപാടി, ബേഡഡുക്ക, കുറ്റിക്കോല്‍, മുളിയാര്‍ ഗ്രാമപഞ്ചായത്തുകള്‍ അഞ്ച് ലക്ഷം രൂപ ഉള്‍പ്പെടെ 70 ലക്ഷം രൂപയുമാണ് നീക്കിവെച്ചിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ ഒരു കോടി രൂപ സമാഹരിച്ച് 29 കിലോമീറ്റര്‍ ഭാഗത്തും വേലി നിര്‍മ്മിച്ച് കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാനാണ് ലക്ഷ്യം. കര്‍ണാടക വനത്തില്‍ നിന്നാണ് ആനകളില്ലാത്ത കാസര്‍കോട്ടെ വനങ്ങളിലേക്ക് ആനകളെത്തുന്നത്. കൂട്ടമായി എത്തുന്ന ആനകളുടെ ശല്യം കാരണം കര്‍ഷകര്‍ ആകെ ദുരിതത്തിലാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇതു തുടരുകയാണ്.
വനം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് 1.4 കിലോമീറ്റര്‍ കരിങ്കല്‍മതില്‍, 7.15 കിലോമീറ്റര്‍ കിടടങ്ങ്, 24.15 കിലോമീറ്റര്‍ സൗരവേലി എന്നിവ നേരത്തെ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും സൗരവേലി തകര്‍ത്ത് ആനകൂട്ടം കടക്കുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്തിയ തൂക്കുസൗരോര്‍ജ്ജ വേലി നിര്‍മ്മിക്കുന്നത്. ഒരു കിലോമീറ്റര്‍ തൂക്ക് സൗരോര്‍ജ്ജ വേലിക്ക് 6.5 ലക്ഷം രൂപയാണ് ചിലവ്. 29 കിലോമീറ്ററിന് 1.8 കോടി രൂപയാണ് വേണ്ടി വരുന്നത്. എം.പി, എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ടും, സര്‍ക്കാര്‍ ധനസഹായവും ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്. നേരത്തെ വനംവകുപ്പ് മന്ത്രി ജില്ലയിലെത്തിയപ്പോഴും കാറഡുക്കയുടെ തനത് പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ഡിസംബര്‍മാസത്തോടെ തൂക്കുവേലിയുടെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുമെന്ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു പറഞ്ഞു. ആദ്യഘട്ടമായി മാര്‍ച്ച് മാസത്തോടെ എട്ട് കിലോമീറ്ററോളം തൂക്കു വേലി കെട്ടാന്‍ സാധിക്കുമെന്ന് ഡി.എഫ്.ഒ പി ധനേഷ് കുമാര്‍ പറഞ്ഞു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, ദേലംപാടി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉഷ, ഡി.എഫ്.ഒ പി ധനേഷ് കുമാര്‍, ദേലംപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.എ. അബ്ദുള്ളക്കുഞ്ഞി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സുരേന്ദ്രന്‍ ചാമക്കൊച്ചി, പഞ്ചായത്തംഗങ്ങള്‍, കേരള പൊലീസ് ഹൗസിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എന്‍ജിനീയര്‍ പി എം ഹംസ, കാസര്‍കോട് റെയ്ഞ്ച് ഓഫീസര്‍ ടി ജി സോളമന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, ആര്‍.ആര്‍.ടി ടീം അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സര്‍വേക്കെത്തി.

ദേലംപാടി പഞ്ചായത്തിലെ പുലിപ്പറമ്പില്‍ കാറഡുക്ക ആനപ്രതിരോധ പദ്ധതിയുടെ സര്‍വേ നടത്തുന്നു

തൂക്കു സൗരോര്‍ജ വേലി ഫലപ്രദമെന്ന്
ജില്ലയില്‍ ആനകളെ പ്രതിരോധിക്കാന്‍ വനാര്‍ത്ഥികളില്‍ കിടങ്ങ്, കരിങ്കല്‍ മതില്‍, സൗരോര്‍ജ വേലി എന്നിവ നിര്‍മ്മിച്ചിരുന്നെങ്കിലും ഇത് എല്ലാം മറികടന്ന് ആന കര്‍ണാടക വനത്തില്‍ നിന്ന് കാസര്‍കോട്ടെ വനമേഖലകളിലേക്ക് എത്തുകയാണ്. ഈ സാഹചര്യത്തിലാണ് ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്തിയ തൂക്കു സൗരോര്‍ജ വേലി നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. വനം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് 1.4 കിലോമീറ്റര്‍ കരിങ്കല്‍മതില്‍, 7.15 കിലോമീറ്റര്‍ കിടടങ്ങ്, 24.15 കിലോമീറ്റര്‍ സൗരവേലി എന്നിവ നേരത്തെ നിര്‍മ്മിച്ചിരുന്നു. ആധുനിക സംവിധാനമായാണ് സൗരോര്‍ജ തൂക്കുവേലി കാണുന്നത്. നിശ്ചിത അകലത്തില്‍ 14 അടി ഉയരത്തില്‍ ഇരുമ്പു തൂണുകള്‍ മൂന്ന് അടി താഴ്ചയില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച ശേഷം അതിന്റെ മുകള്‍ ഭാഗത്ത് ടി എന്ന ആകൃതിയില്‍ ഇരുമ്പ് ദണ്ഡ് വെല്‍ഡ് ചെയ്തു ഘടിപ്പിക്കും. അതിന്റെ രണ്ട് അറ്റങ്ങളിലും തൂണില്‍ നിന്നു തൂണിലേക്ക് 1.5 എം എം കമ്പി വലിച്ചു കെട്ടുകയും അതില്‍ നിന്നു 12 എം എം കമ്പികള്‍ താഴേക്ക് തൂക്കിയിടുകയും ചെയ്താണ് ഇതിന്റെ നിര്‍മ്മാണം. വേലിയുടെ അറ്റം സൗരോര്‍ജ ബാറ്ററിയുമായി ബന്ധിപ്പിക്കും. നിരപ്പില്‍നിന്നും നാല് അടി ഉയരത്തിലാണ് ഇതു കിടക്കുക. ചെറു ജീവികളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കാന്‍ വേണ്ടിയാണിങ്ങനെ ചെയ്യുന്നത്. ആനകളുടെ തുമ്പികൈ വേലിയില്‍ തട്ടുമ്പോള്‍ ഷോക്കടിക്കും. ആനകളുടെ തുമ്പികൈ കൊണ്ട് എത്തിപ്പിടിക്കാന്‍ കഴിയുന്നതിനേക്കാള്‍ മുകളിലാണ് വേലിയുടെ നിര്‍മ്മാണം. ഒരു കിലോമീറ്റര്‍ തൂക്ക് സൗരോര്‍ജ്ജ വേലിക്ക് 6.5 ലക്ഷം രൂപയാണ് ചിലവ്. 29 കിലോമീറ്ററിന് 1.8 കോടി രൂപയാണ് വേണ്ടി വരുന്നത്.

Exit mobile version