Site iconSite icon Janayugom Online

ആന-കടുവ ആക്രമണം ; അഞ്ച് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 3,000 പേര്‍ 

അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് കടുവയുടെയും ആനയുടെയും ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് 3,000 പേര്‍ക്ക്. കഴിഞ്ഞ വര്‍ഷം കടുവകളുടെ ആക്രമണത്തില്‍ 103 പേരും ആനയുടെ ആക്രമണത്തില്‍ 605 പേരും കൊല്ലപ്പെട്ടതായും കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വനി കുമാര്‍ ചൗബെ രാജ്യസഭയില്‍ സമര്‍പ്പിച്ച കണക്കുകളില്‍ പറയുന്നു.
മനുഷ്യ- വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ വിതരണം ചെയ്ത ധനസഹായം സംബന്ധിച്ചുള്ള കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈവശമില്ലെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലാണ് കടുവകളുടെ ആക്രമണത്തില്‍ ഏറ്റവുമധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചത്. 85. ഉത്തര്‍പ്രദേശ് 11 പേരുമായി രണ്ടാം സ്ഥാനത്ത് എത്തി.
ആനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സ്ഥാനത്ത് ഒഡിഷയാണ് മുന്‍പന്തിയില്‍ 148. പഞ്ചിമ ബംഗാള്‍ 97, ഝാര്‍ഖണ്ഡ് 96, അസം 80 എന്നീങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.  വന്യജീവി ആക്രമണത്തില്‍ കന്നുകാലികളും മറ്റ് കാര്‍ഷിക ഉല്പന്നങ്ങളും നശിക്കുന്നത് സംബന്ധിച്ച് അതാത് സംസ്ഥാന സര്‍ക്കാരുകളാണ് അര്‍ഹമായ ധനസഹായം വിതരണം ചെയ്ത് വരുന്നത്. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 1,91,437 രൂപ ഇപ്പോള്‍ നല്‍കി വരുന്നുണ്ട്. കടുവകളുടെയും ആനകളുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മാത്രം രേഖകളാണ് കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ളതെന്നും മന്ത്രി അറിയിച്ചു.
Eng­lish Sum­ma­ry: Ele­phant-tiger attack ; 3,000 peo­ple were killed in five years
You may also like this video
Exit mobile version