Site iconSite icon Janayugom Online

അഞ്ച് ജീവിതവര്‍ഷങ്ങള്‍ ആരവര്‍ക്ക് തിരിച്ചുനല്‍കും

ഭീമാ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന വെര്‍നോണ്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരയ്ക്കും സുപ്രീം കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. 2018 ഓഗസ്റ്റ് 28ന് അറസ്റ്റിലായ ഇരുവരുടെയും ജയില്‍ വാസത്തിന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് ഒരുമാസം ബാക്കിനില്ക്കേയാണ് മോചനമാകുന്നത്. ജാമ്യം തേടിയുള്ള നിരവധി അപേക്ഷകള്‍ വിചാരണ കോടതിക്കും ബോംബെ ഹൈക്കോടതിക്കും നല്‍കിയെങ്കിലും നിരാകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അനിരുദ്ധ ബോസ്, സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി ജയിലില്‍ നിന്ന് പുറത്തിറങ്ങുവാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. ഭീമാ കൊറേഗാവ് സംഭവത്തിന്റെ 200-ാം വാര്‍ഷികത്തോടനുബന്ധിച്ച് എല്‍ഗാര്‍ പരിഷത്ത് എന്ന സംഘടന നടത്തിയ പരിപാടിയെ തുടര്‍ന്ന് 2018 ജനുവരി ഒന്നിനുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് കുപ്രസിദ്ധമായ എല്‍ഗാര്‍ പരിഷത്ത് കേസ് രൂപപ്പെടുന്നത്. അന്ന് മഹാരാഷ്ട്ര ഭരിച്ചിരുന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ യുഎപിഎ ഉള്‍പ്പെടെ ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എല്‍ഗാര്‍ പരിഷത്ത് നടത്തിയ പരിപാടിയിലെ പ്രസംഗങ്ങള്‍ കലാപത്തിന് കാരണമായെന്ന് ആരോപിച്ചാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും ബുദ്ധിജീവികളും അക്കാദമിക് വിദഗ്ധരുമടങ്ങുന്ന നിരവധി പേരെ പ്രതികളാക്കിയത്.

മഹാരാഷ്ട്ര പൊലീസ് ചുമത്തിയ കേസ് പിന്നീട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)ക്ക് കൈമാറുകയായിരുന്നു. 16 പേരെയാണ് വിവിധ ഘട്ടങ്ങളിലായി അറസ്റ്റ് ചെയ്തത്. അതില്‍ ക്രിസ്ത്യന്‍ പുരോഹിതനും ആദിവാസി അവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി 2021 ജൂലൈയില്‍ ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ മരിച്ചു. അതുകൊണ്ടുതന്നെ സ്റ്റാന്‍ സ്വാമിയുടെ മരണം ഭരണകൂട കൊലപാതകമായിരുന്നു. ഇതേ കേസിലാണ് ഇപ്പോള്‍ ഗോണ്‍സാല്‍വസിനും അരുണ്‍ ഫെരേരയ്ക്കും ജാമ്യം ലഭിച്ചിരിക്കുന്നത്. കവിയും എഴുത്തുകാരനുമായ വരവര റാവു, തൊഴിലാളി പ്രവര്‍ത്തക സുധ ഭരദ്വാജ്, പൗരാവകാശ പ്രവര്‍ത്തകന്‍ ആനന്ദ തെല്‍തുംബ്ഡെ എന്നിവര്‍ക്കാണ് ഇതിന് മുമ്പ് ജാമ്യം ലഭിച്ചത്. അറസ്റ്റിലായ 16ല്‍ അവശേഷിക്കുന്ന 11 പേരും ഇപ്പോഴും ജയിലില്‍ കഴിയുകയുമാണ്. യഥാര്‍ത്ഥത്തില്‍ കേസിനാസ്പദമായ സംഭവം ഭീമാ കൊറേഗാവ് സംഭവ വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ദളിത് വിഭാഗത്തില്‍­പ്പെട്ടവരെ ബിജെപിക്കാരായ ഒരുകൂട്ടം ആക്രമിച്ചതിനെ തുടര്‍ന്നുണ്ടായതാണ്. ഇതിന്റെ പേരില്‍ ചില തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ ലഘുവായ വകുപ്പുകള്‍ പ്രകാരമാണ് കേസെന്നതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു. അതേസമയം എന്‍ഐഎ എന്ന കേന്ദ്ര സര്‍ക്കാരിന്റെ വിനീത വിധേയ ഏജന്‍സി ഭീമാ കൊറേഗാവ് കേസില്‍ പ്രമുഖരായ പലരെയും പിടികൂടി ജയിലില്‍ അടയ്ക്കുകയും ചെയ്തു. നമ്മുടെ രാജ്യത്ത് പുതുതായി ഉദയം ചെയ്ത, വിവിധ ഏജന്‍സികളെ ഉപയോഗിച്ചുള്ള പക്ഷപാതിത്വവും ഏകപക്ഷീയതയും നിറഞ്ഞ അന്വേഷണ സംവിധാനത്തിന്റെ ഫലമായാണ് അവര്‍ക്ക് തടവറയില്‍ കഴിയേണ്ടിവരുന്നത്.


ഇതുകൂടി വായിക്കൂ: അവിശ്വാസപ്രമേയം മോഡി ഭരണം പ്രതിരോധത്തില്‍


നഗര നക്സലുകള്‍, മാവോയിസ്റ്റുകള്‍ തുടങ്ങിയ സംജ്ഞകളിലൂടെ ആരെയും തുറുങ്കിലാക്കാമെന്ന പ്രവണത ശക്തിപ്പെട്ടതും അതിന്റെ ഭാഗമായിട്ടായിരുന്നു. ഇപ്പോള്‍ ജാമ്യം ലഭിച്ച ഗോണ്‍സാല്‍വസ്, ഫെരേര എന്നിവരെ തീവ്രവാദബന്ധമാരോപിച്ചായിരുന്നു യുഎപിഎ കുറ്റം ചുമത്തി എന്‍ഐഎ തടവിലാക്കിയത്. എന്നാല്‍ പ്രസ്തുത ബന്ധം സ്ഥാപിക്കുവാന്‍ മതിയായ തെളിവുകള്‍ ഹാജരാക്കുന്നതിന് സാധിച്ചില്ലെന്നാണ് സുപ്രീം കോടതി ജാമ്യ വിധിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇരുവരുടെയും വീടുകളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളും പുസ്തകങ്ങളും കലാപത്തിനും ഭരണാധികാരികളെ അട്ടിമറിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണെന്ന എന്‍ഐഎ വാദവും കോടതി തള്ളുന്നു. ഇത് എന്‍ഐഎയുടെ പരിധിയില്‍ വരുന്നതല്ലെന്നും കണ്ടെത്തിയ സാഹിത്യങ്ങളൊന്നും തന്നെ നിരോധിച്ചവയല്ല, അതുകൊണ്ട് കുറ്റകൃത്യത്തിന്റെ പരിധിയില്‍പ്പെടുന്നില്ലെന്നും കോടതി സംശയാതീതമായി വ്യക്തമാക്കുന്നു. അനധികൃത പണമിടപാടുകളെന്ന മൂന്നാമത്തെ ആരോപണം തെളിയിക്കുന്നതിനുള്ള വ്യക്തമായ രേഖകളൊന്നും സമര്‍പ്പിക്കുന്നതിന് എന്‍ഐഎക്ക് സാധിച്ചില്ല. പ്രതികൾ ഗൂഢാലോചനയുടെ ഭാഗമാണെന്നതിന് തെളിവുകളൊന്നും ലഭ്യമല്ലാത്തതിന് പുറമെ, പരാമർശിക്കുന്ന കത്തിൽ മൂന്നാം കക്ഷിയുടെ പ്രതികരണങ്ങൾ മാത്രമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിച്ചതിലൂടെ അവര്‍ കുറ്റവിമുക്തരായി എന്നര്‍ത്ഥമില്ലെങ്കിലും ജയിലില്‍ അടയ്ക്കുന്നതിന് പറഞ്ഞ മൂന്ന് പ്രധാന കാരണങ്ങളും നിലനില്‍ക്കുന്നതല്ലെന്ന സുപ്രീം കോടതിയുടെ കണ്ടെത്തല്‍ വലിയ മനുഷ്യാവകാശപ്രശ്നം ഉന്നയിക്കുന്നുണ്ട്. ജയിലില്‍ നഷ്ടപ്പെട്ട അവരുടെ അഞ്ച് ജീവിത വര്‍ഷങ്ങള്‍ ആര്‍ക്കാണ് തിരിച്ചു നല്‍കുവാന്‍ സാധിക്കുകയെന്ന വലിയ ചോദ്യവും ഉയര്‍ന്നുനില്‍ക്കുന്നു. തലോജ, തൈക്കുല്ല വനിതാ ജയിലുകളില്‍ കഴിയുന്ന 11 പേരും ഇതേ സാഹചര്യങ്ങളെയാണ് നേരിടുന്നത്.

Exit mobile version