Site iconSite icon Janayugom Online

എൽഗാർ പരിഷത്ത് കേസ്; അഞ്ച് വർഷത്തെ ജയിൽവാസത്തിന് ശേഷം സാഗർ ഗോർഖെയ്ക്കും രമേശ് ഗൈച്ചോറിനും ജാമ്യം

രാജ്യമാകെ ചർച്ചയായ എൽഗാർ പരിഷത്ത്-ഭീമ കൊറെഗാവ് കേസിൽ അറസ്റ്റിലായ സാംസ്കാരിക പ്രവർത്തകർക്ക് അഞ്ച് വർഷത്തിന് ശേഷം ജാമ്യം. കബീർ കലാ മഞ്ച് പ്രവർത്തകരായ സാഗർ ഗോർഖെ, രമേശ് ഗൈച്ചോർ എന്നിവർക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2020 സെപ്റ്റംബറിൽ അറസ്റ്റിലായ ഇരുവരും വിചാരണ തടവുകാരായി കഴിയുകയായിരുന്നു. ജസ്റ്റിസുമാരായ എ എസ് ഗഡ്കരി, എസ് സി ചന്ദക് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പ്രത്യേക എൻഐഎ കോടതി ജാമ്യം നിഷേധിച്ചതിനെതിരെ ഇവർ നൽകിയ അപ്പീൽ പരിഗണിച്ചാണ് നടപടി. വിചാരണ ഇനിയും തുടങ്ങാത്തതും ദീർഘകാലമായി ജയിലിൽ കഴിയുന്നതും കോടതി കണക്കിലെടുത്തു. ഒരു ലക്ഷം രൂപയുടെ ബോണ്ടും എല്ലാ മാസവും ആദ്യ തിങ്കളാഴ്ച എൻഐഎ ഓഫിസിൽ ഹാജരാകണമെന്ന നിബന്ധനയോടെയുമാണ് ജാമ്യം. 2017 ഡിസംബർ 31ന് പുണെയിൽ നടന്ന എൽഗാർ പരിഷത്ത് സമ്മേളനത്തിന് പിന്നിൽ നിരോധിത മാവോയിസ്റ്റ് സംഘടനകൾക്ക് പങ്കുണ്ടെന്നാണ് എൻഐഎ ആരോപിക്കുന്നത്. ജാതിവിരുദ്ധ സാംസ്കാരിക സംഘടനയായ കബീർ കലാ മഞ്ചിലൂടെ ഇവർ വിഘടനവാദ പ്രവർത്തനങ്ങൾ നടത്തിയെന്നും യുഎപിഎ പ്രകാരം കുറ്റം ചുമത്തണമെന്നും എൻഐഎ വാദിച്ചു. എന്നാൽ, എൻഐഎ മുന്നോട്ട് വച്ച ഇലക്ട്രോണിക് തെളിവുകൾ ഇതുവരെ പ്രതികൾക്ക് കൈമാറിയിട്ടില്ല. 

കേസിൽ ആകെ അറസ്റ്റിലായ 16 പേരിൽ ഭൂരിഭാഗം പേർക്കും ഇപ്പോൾ ജാമ്യം ലഭിച്ചിട്ടുണ്ട്. ഫാദർ സ്റ്റാൻ സ്വാമി ചികിത്സയും ജാമ്യവും നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് 2021ൽ ജയിലില്‍ മരിച്ചിരുന്നു. കേസിൽ അറസ്റ്റിലായവരിൽ മനുഷ്യാവകാശ പ്രവർത്തകൻ സുരേന്ദ്ര ഗാഡ്ലിങ് മാത്രമാണ് ഇനി ജയിലിൽ തുടരുന്നത്. കുറ്റപത്രം സമർപ്പിച്ചിട്ടും വിചാരണ വൈകുന്നതിനെതിരെ പ്രതിഭാഗം അഭിഭാഷകർ ശക്തമായ വാദങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്. പ്രതികളിൽ പലരും ദീർഘകാലം ജയിലിൽ കഴിഞ്ഞത് അവരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി മുമ്പ് നിരീക്ഷിച്ചിരുന്നു. 

Exit mobile version